ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കൽ, വ്യവഹാരം, സംസ്ഥാന സർക്കാരിന്റെ അപര്യാപ്തമായ പ്രതികരണം എന്നിവയ്‌ക്കെതിരായ പ്രാദേശിക പ്രതിഷേധങ്ങൾ 116 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി റെയിൽ പദ്ധതിയുടെ പുരോഗതിയെ തടസ്സപ്പെടുത്തിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിലും വാഗ്ദാനം ചെയ്ത അമ്പത് ശതമാനം ഓഹരി പങ്കാളിത്തം ഉറപ്പാക്കുന്നതിലും കേരള സർക്കാർ വളരെ അലംഭാവമാണ് കാട്ടിയത്. ശബരി റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ജെബി മേത്തർ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിക്ക് 1997-98 സാമ്പത്തിക വര്‍ഷത്തിലാണ് അനുമതി നല്‍കിയത്. അങ്കമാലി മുതല്‍ രാമപുരം വരെ 70 കിലോമീറ്റര്‍ ദൂരം 2002ല്‍ സര്‍വെ പൂര്‍ത്തിയാക്കി. കോട്ടയം ജില്ലയില്‍ ജനങ്ങളുടെ എതിര്‍പ്പ് കൂടിയതിനെ തുടര്‍ന്ന് 2007ല്‍ സര്‍വെ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച തര്‍ക്കവും കോടതി കേസുകളും പദ്ധതി വൈകാനുള്ള മറ്റ് കാരണങ്ങളാണ്.
“പദ്ധതിയിൽ അൻപത് ശതമാനം ഓഹരി പങ്കാളിത്തം അംഗീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പു വെച്ചിരുന്നു. എന്നാൽ, പിന്നീട് സംസ്ഥാന സർക്കാർ ഈ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. വാഗ്ദാനം ചെയ്ത തുക നൽകിയില്ല. ഒടുവിൽ 2021 ജനുവരിയിൽ കേരളം 50 ശതമാനം പങ്കാളിത്തത്തിന് സന്നദ്ധത അറിയിച്ചു. കിഫ്ബിയില്‍ തുക വകയിരുത്തുകയും ചെയ്തു. തുടർന്ന് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ 2022 ജൂൺ 23-ന് വിശദമായ പദ്ധതിരേഖയും എസ്റ്റിമേറ്റും സമർപ്പിച്ചു. ഇത് റെയിൽവേ പരിശോധിച്ചുവരികയാണ്,” അദ്ദേഹം പറഞ്ഞു.