പങ്കാളിത്ത പെൻഷൻ നിർത്തുന്നത് വരെ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ജോയിന്റ് കൗൺസിൽ ദ്വിദിന പഠനക്യാമ്പ് സമാപിച്ചു

ആലുവ: പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുന്നതുവരെ ജോയിന്റ് കൗൺസിൽ സമരം നടത്തുമെന്ന് ആലുവ ശാന്തിഗിരി ആശ്രമത്തിൽ നടന്ന ജോയിന്റ് കൗൺസിലിന്റെ ദ്വിദിന പഠന ക്യാമ്പില്‍ സർക്കാരിന് മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളുടെ ഏക പ്രതീക്ഷ കേരളം മാത്രമാണ്. സംസ്ഥാനം മുന്നോട്ടുവെക്കുന്ന ബദൽ നയങ്ങൾക്കായി രാജ്യത്തെ മറ്റ് വിഭാഗങ്ങൾ ഉറ്റുനോക്കുന്നു.

പക്ഷേ, കേരളത്തിലും ചില നയങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നുണ്ട്. സർക്കാർ സർവീസിലും മറ്റ് തൊഴിൽ മേഖലകളിലും വർധിച്ചുവരുന്ന കരാർ, കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കണം. കേരളത്തിന്റെ പുരോഗമന നിലപാടുകൾക്കനുസരിച്ച് സിവിൽ സർവീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വളരേണ്ടതുണ്ട്. പങ്കാളിത്ത പെൻഷൻ ഉൾപ്പെടെയുള്ള വലതുപക്ഷ പദ്ധതികൾ തള്ളിക്കളയാൻ സർക്കാർ തയ്യാറാകണം. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് നിയമാനുസൃത പെൻഷൻ നടപ്പാക്കണം.

ഇക്കാര്യത്തിൽ ഇനിയും കാലതാമസം ഉണ്ടായാൽ തുറന്ന സമര പരിപാടിയിലേക്ക് നീങ്ങാൻ നിർബന്ധിതരാവും. ഒക്‌ടോബർ 27ന് പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കാൽ ലക്ഷം ജീവനക്കാർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.

വലിയ ആഹ്ളാദത്തോടെയും, ആവേശത്തോടെയുമാണ് മെഡി സെപ്പ് പദ്ധതി ആരംഭിച്ചത്. പക്ഷേ ചില നിക്ഷിപ്ത താല്പര്യക്കാർ അതിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുൾപ്പടെ മെഡി സെപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി രോഗികളെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ ജാഗരൂകരായി ഇടപെടണമെന്നു ജോയിന്റ് കൗൺസിൽ സർക്കാരിനോടാവശ്യപ്പെട്ടു.

വിലക്കയറ്റം മൂലം നിശ്ചിത വരുമാനക്കാരായ സർക്കാർ ജീവനക്കാരുടെ ജീവിതഭാരം വർദ്ധിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ കാലകാലങ്ങളായി പ്രഖ്യാപിച്ച ക്ഷാമബത്ത കഴിഞ്ഞ നാല് വർഷമായി കേരളത്തിലെ ജീവനക്കാർക്ക് ലഭ്യമാക്കുന്നില്ല. ക്ഷാമബത്ത കുടിശ്ശിക വർദ്ധിക്കുന്നത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയായി മാറും. പൊതു സമൂഹത്തിലെ ധനവിതരണത്തെയും വേതന ഘടനയേയും ഇതു ബാധിക്കും. അടിയന്തിരമായി ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് ക്യാമ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ദീർഘകാമായി സർക്കാർ ജീവനക്കാർ അനുഭവിച്ചു വരുന്ന ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചത് ജീവനക്കാരുട ജീവിതാവസ്ഥ കൂടുതൽ ദുരിതത്തി ലാഴ്ത്തിയിരിക്കുന്നു. നിശ്ചിത വരുമാനക്കാരായ ജീവനക്കാരുടെ ജീവിതാവസ്ഥയെ സുരക്ഷിതമാക്കുന്നതിന്ലീവ് സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കണമെന്നും ജോയിന്റ് കൗൺസിൽ സർക്കാരിനോടാവശ്യപ്പെട്ടു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്. സജീവ് ക്യാമ്പ് ഡയറക്ടറായിരുന്നു. ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്ങല്‍, ചെയര്‍മാന്‍ കെ. ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു. കെ.എന്‍.കെ. നമ്പൂതിരി, ജി. മോട്ടിലാല്‍, ഡോ. സുനില്‍ രാജ് എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസെടുത്തു. വി.ആര്‍. ബീനമോള്‍ നന്ദി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News