ന്യൂഡൽഹി: മുംബൈ സ്വദേശിനിയായ ഹമീദ ബാനുവിനെ പാക്കിസ്താനില്‍ കണ്ടെത്തിയതായി മകള്‍ യാസ്മിന്‍ ഷെയ്ഖ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ മാതാവ് പാക്കിസ്താനിലുണ്ടെന്ന് യാസ്മിന്‍ അറിയുന്നത്. കഴിഞ്ഞ 20 വര്‍ഷമായി അമ്മയെ തിരഞ്ഞുകൊണ്ടിരുന്ന യാസ്മിനും കുടുംബവും ആശ്വാസത്തിലാണ്. പാചകത്തൊഴിലാളിയായി അമ്മ ഖത്തറിലേക്ക് പോയതാണ്. എന്നാല്‍, തിരിച്ചെത്തിയില്ലെന്ന് മുംബൈ നിവാസിയായ യാസ്മിൻ ഷെയ്ഖ് പറയുന്നു.
“പാക്കിസ്താന്‍ ആസ്ഥാനമായുള്ള ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് 20 വർഷത്തിന് ശേഷം ഞാൻ എന്റെ അമ്മയെക്കുറിച്ച് അറിയുന്നത്. അമ്മയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു,” മാധ്യമങ്ങളോട് സംസാരിക്കവെ യാസ്മിൻ ഷെയ്ഖ് പറഞ്ഞു.
രണ്ടും നാലും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ അമ്മ പലപ്പോഴായി ഖത്തറിലേക്ക് പോകാറുണ്ടായിരുന്നു. എന്നാൽ, അവസാനം പോയത് ഒരു ഏജന്റിന്റെ സഹായത്തോടെയാണ്. പക്ഷെ, പിന്നീട് മടങ്ങി വന്നില്ലെന്ന് യാസ്മിൻ പറഞ്ഞു. ഞങ്ങൾ അമ്മയെ കണ്ടെത്താന്‍ വളരെ ശ്രമിച്ചു. പക്ഷെ കണ്ടെത്താനായില്ല. തെളിവില്ലാത്തതിനാൽ പരാതി രജിസ്റ്റർ ചെയ്യാൻ പോലും കഴിഞ്ഞില്ലെന്ന് യാസ്മിന്‍ പറയുന്നു.
“അമ്മ എവിടെയാണെന്ന് അറിയാൻ ഞങ്ങൾ ഏജന്റിനെ സന്ദർശിക്കുമ്പോൾ, അമ്മ ഞങ്ങളെ കാണാനോ സംസാരിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറയുമായിരുന്നു. അമ്മ സുഖമായിരിക്കുന്നുവെന്ന് അവര്‍ ഞങ്ങൾക്ക് ഉറപ്പു നൽകി. എന്നാല്‍, സത്യം ആരോടും പറയരുതെന്ന് ഏജന്റ് തന്നോട് പറഞ്ഞതായി അമ്മ വീഡിയോയിൽ വ്യക്തമായി പറയുന്നു,” യാസ്മിന്‍ പറഞ്ഞു.
വീഡിയോ കണ്ടപ്പോഴാണ് അമ്മ പാക്കിസ്ഥാനിലുണ്ടെന്ന വിവരം ഞങ്ങൾ അറിഞ്ഞത്. അല്ലാത്തപക്ഷം അമ്മ ദുബായിലോ സൗദിയിലോ എവിടെയോ ആണെന്നായിരുന്നു ഞങ്ങള്‍ ധരിച്ചിരുന്നത്. അമ്മയെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സർക്കാരിന്റെ സഹായം അഭ്യർത്ഥിക്കുകയാണ് യാസ്മിൻ ഷെയ്ഖ്.