ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചതായി പി.സി. മാത്യു അറിയിച്ചു. അടുത്തിടെ ബഹ്റൈനില്‍ വെച്ച് നടന്ന ഡബ്ല്യു എം സി കോണ്‍ഫറന്‍സിലാണ് വൈസ് പ്രസിഡന്റായി പി സി മാത്യു തെരഞ്ഞെടുക്കപ്പെട്ടത്. മുൻ ഗ്ലോബൽ ഓർഗനൈസഷൻ വൈസ് പ്രസിഡന്റ്, മുൻ അമേരിക്ക റീജിയൻ ചെയർമാൻ, റീജിയൻ പ്രസിഡന്റ് മുതലായ സ്ഥാനങ്ങൾ അലങ്കരിക്കുകയും, സംഘടനയെ വളർത്തുവാൻ ശക്തമായ നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ന് (ആഗസ്റ്റ് 3) ഇമെയിൽ വഴിയാണ് രാജി വിവരം സംഘടനയുടെ നേതൃത്വത്തെ അറിയിച്ചത്.
ബൃഹത്തായ ഗ്ലോബൽ ഇന്ത്യൻ നെറ്റ്വർക്ക് സംഘടനയായ “ഗ്ലോബൽ ഇന്ത്യൻ കൗണ്‍സിൽ” പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും, ഭാരിച്ച ചുമതല ഏറ്റെടുക്കുകയും ചെയ്തതിനാലാണ് താൻ രാജിവെക്കുന്നതെന്ന് പി.സി. മാത്യു പറഞ്ഞു. വേൾഡ് മലയാളി കൗണ്‍സില്‍ മലയാളികളുടെ മാത്രം നെറ്റ്വർക്ക് ഓർഗനൈസഷൻ ആകുമ്പോൾ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ എല്ലാ ഇന്ത്യക്കാരുടെയും സംഘടനയാണെന്നും, ഇത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ വംശജരുടെ ബൃഹത്തായ ശൃംഖലയുടെ നേതൃത്വം ഏറ്റെടുക്കുവാൻ കഴിഞ്ഞത് വേൾഡ് മലയാളി കൗൺസിലിൽ നിന്നും ലഭിച്ച പരിചയ സമ്പന്നതയും ബന്ധങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു. ആ പൈതൃകം ഒരിക്കലും മറക്കുകയില്ലെന്നും, വേൾഡ് മലയാളി കൗൺസിലിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും വിജയാശംസകൾ നേരുന്നതായും അദ്ദേഹം അറിയിച്ചു.
വിഘടിച്ചു നിൽക്കുന്ന വേൾഡ് മലയാളി ഗ്രൂപ്പുകൾ ഒരുമിച്ച് ഐക്യത്തോടെ പ്രവർത്തിക്കുന്ന ഒരു നല്ല നാളെ ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. തന്നെ സ്നേഹിക്കുന്ന ഓരോ അംഗങ്ങളും വേൾഡ് മലയാളി കൗണ്‍സില്‍ പ്രവർത്തനങ്ങൾ മുമ്പോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.