കാന്‍സസ്: കാന്‍സസ് സംസ്ഥാന ഭരണഘടനയില്‍ ഗര്‍ഭചിദ്രാവകാശം നിലനിര്‍ത്തണമെന്ന് ആഗസ്റ്റ് 2ന് നടന്ന വോട്ടെടുപ്പിലൂടെ തീരുമാനിച്ചു.
ജൂണ്‍മാസം സുപ്രീംകോടതി ഗര്‍ഭഛിദ്രാവകാശം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിപ്രഖ്യാപിച്ചതിനുശേഷം അമേരിക്കയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം വോട്ടെടുപ്പിലൂടെ അവകാശം നിലനിര്‍ത്തണമെന്ന് തീരുമാനിച്ചത്.
ഗര്‍ഭഛിദ്രത്തിന് അനുകൂലമായി വാദിക്കുന്നവരുടെ വന്‍ വിജയമാണിതെന്ന് അബോര്ഷന് അഡ്വക്കേറ്റ്സ് അവകാശപ്പെട്ടു. ഗര്‍ഭഛിദ്രാവകാശം സംസ്ഥാനത്ത് അനുവദിക്കരുതെന്ന തീരുമാനത്തെയാണ് വോട്ടര്‍മാര്‍ ഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നിയന്ത്രണമുള്ള സംസ്ഥാന നിയമസഭ, ഗര്‍ഭഛിദ്രം അവസാനിപ്പിക്കുന്നതിനും, കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തയ്യാറെടുക്കുന്നതിനിടയില്‍ വന്ന ഈ തീരുമാനം കനത്ത തിരിച്ചടിയായിട്ടാണ് നിയമസാമാജികര്‍ കരുതുന്നത്. സംസ്ഥാനത്തിന്റെ ബില്‍ ഓഫ് റൈറ്റ്സില് ഉള്‍പ്പെട്ടതാണ് ഗര്‍ഭഛിദ്രാവകാശമെന്ന് 2019 ല്‍ സ്റ്റേറ്റ് സുപ്രീം കോടതി വിധിച്ചിരുന്നു.
കഴിഞ്ഞ 30 വര്‍ഷമായി ഗര്‍ഭഛിദ്രത്തിന് എതിരെ ശക്തമായ ഒരു കണ്‍സര്‍വേറ്റീവ് ലോബി സംസ്ഥാനത്ത് നിലവിലുണ്ട്. സംസ്ഥാന നിയമസഭയിലേക്ക് കൂടുതല്‍ റിപ്പബ്ലിക്കന്‍സ് വിജയിച്ചു കയറുമ്പോള്‍, പലപ്പോഴും ഗവര്‍ണ്ണറാകുന്നത് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരിക്കും. 2018 ല്‍ തിരഞ്ഞെടുക്കപ്പെട്ട ഡമോക്രാറ്റിക് ഗവര്‍ണ്ണര്‍ ലോറകെല്ലി ഗര്‍ഭഛിദ്രത്തിനനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.