ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് വിഷയവുമായി ബന്ധപ്പെട്ട സുപ്രധാന സംഭവവികാസത്തിൽ, ബഹദൂർഷാ സഫർ മാർഗിലെ ഹെറാൾഡ് ഹൗസിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന യംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച സീൽ ചെയ്തു. ഹെറാൾഡ് ഹൗസിന്റെ കെട്ടിടത്തില്‍ ഇഡി ഉത്തരവും ഒട്ടിച്ചു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ മുൻകൂർ അനുമതിയില്ലാതെ ഈ പരിസരം തുറക്കരുതെന്ന് ഇഡിയുടെ ഉത്തരവിൽ പറയുന്നു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഓഫിസില്‍ കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഓഫിസില്‍ നിന്ന് ഏതാനും ചില രേഖകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഡല്‍ഹിയില്‍ 12 ഇടങ്ങളിലാണ് കേസുമായി ബന്ധപ്പെട്ട് ഇഡി റെയ്‌ഡ് നടത്തിയത്.
കേസില്‍ സോണിയ ഗാന്ധിയുള്‍പ്പടെയുള്ള നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെതിരെ രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിര്‍ത്തലാക്കിയ നാഷണല്‍ ഹെറാള്‍ഡിന്‍റെ പ്രസിദ്ധീകരണം വീണ്ടും ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ പത്രത്തിന്‍റെ ഏറ്റെടുക്കലില്‍ കള്ളപ്പണ ഇടപാട് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പരാതി നല്‍കി. ഇതിന്‍മേലാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
കേന്ദ്ര സർക്കാരിനെയും കേന്ദ്ര അന്വേഷണ ഏജൻസിയെയും വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു.
“ഹെറാൾഡ് ഹൗസിലെ റെയ്ഡ് ഇന്ത്യയുടെ പ്രധാന പ്രതിപക്ഷമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെതിരായ തുടർച്ചയായ ആക്രമണത്തിന്റെ ഭാഗമാണ്. മോദി സർക്കാരിനെതിരെ സംസാരിക്കുന്നവർക്കെതിരായ ഈ പ്രതികാര രാഷ്ട്രീയത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. നിങ്ങൾക്ക് ഞങ്ങളെ നിശബ്ദരാക്കാൻ കഴിയില്ല,” ജയറാം ട്വീറ്റ് ചെയ്തു.
ഇതുവരെ, ഇഡി ഇക്കാര്യത്തിൽ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല.