ആലപ്പുഴ: “മഴയത്ത് ഇറങ്ങരുത്, മീൻപിടിക്കാൻ പോകരുത്, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക” – ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ജില്ലയിലെ കുട്ടികൾക്ക് നൽകിയ നിർദേശങ്ങളാണിത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്കായി പങ്കുവെച്ചത്.
തന്റെ ആദ്യ ഉത്തരവ് കുട്ടികൾക്ക് വേണ്ടിയാണെന്നും സുരക്ഷ കണക്കിലെടുത്താണ് സ്കൂളുകള്‍ക്ക് അവധി നൽകിയതെന്നും കളക്ടർ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പോസ്റ്റ് ഇട്ട് ഒരുമണിക്കൂർ കൊണ്ട് പതിനായിരക്കണക്കിന് പേരാണ് ലൈക്ക് ചെയ്തത്. നിരവധി പേർ പോസ്റ്റിന് താഴെ തങ്ങളുടെ സന്തോഷവും കലക്ടർക്കുള്ള അഭിനന്ദനവും പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണ രൂപം : പ്രിയ കുട്ടികളേ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞുകാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്.
നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ഛന്, അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠഭാഗങ്ങള്‍ മറിച്ചുനോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ…സ്നേഹത്തോടെ, ജില്ല കലക്ടർ, ആലപ്പുഴ.