മലപ്പുറം: ടി.കെ. കുട്ടിയാലിയുടെ പ്രശസ്തമായ “ആരാരും മനസ്സില്‍ നിന്നൊരിക്കലും മറക്കാത്ത” എന്ന മാപ്പിളപ്പാട്ട് മാപ്പിളപ്പാട്ടുകളെ സ്നേഹിക്കുന്ന ഏവർക്കും സുപരിചിതമാണ്. പക്ഷേ ഈ വരികൾ എഴുതി വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് വൈറലാകുമെന്ന് കുട്ടിയാലി കരുതിക്കാണുകയില്ല. ഈ മാപ്പിളപ്പാട്ട് പാടി ഒരുകൂട്ടം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാക്കിയിരിക്കുകയാണിപ്പോള്.
അരീക്കോട് സുല്ലമുസലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ 1994ലെ എസ്എസ്എൽസി ബാച്ച് വിദ്യാർഥികളാണ് ജൂലൈ 23-ന് പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചത്. ഇവരാണ് മാപ്പിളപ്പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചത്.
ഏഴ് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്നതായിരുന്നു ഗായക സംഘം. സംഘത്തിനൊപ്പം കൂടി പാട്ടു പാടിയ മുഹമ്മദലി താഴത്തങ്ങാടിയുടെ പ്രകടനമാണ് പാട്ടിനെ വൈറലാക്കിയത്. മുഹമ്മദലിക്കൊപ്പം സോഫില താഴത്തങ്ങാടി, ബിജിമോൾ മൂർഖൻ നിലമ്പൂർ, ഉമൈബ അരീക്കോട്, ശബീന കൊടുവള്ളി, ഫസീല കുനിയിൽ, ഷമീറ അരീക്കോട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇതോടെ നാട്ടിലും വീട്ടിലും താരങ്ങളായിരിക്കുകയാണ് സംഘം. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്അപ്പ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പതിനായിരക്കണക്കിന് പേരാണ് ഇവരുടെ പാട്ട് കേട്ടതും പങ്ക് വച്ചതും. പാട്ട് പാടുന്നവര്‍ക്കൊപ്പം കാണികളെയും പൊട്ടിച്ചിരിപ്പിച്ചായിരുന്നു മുഹമ്മദലിയുടെ പ്രകടനം.
ഗാനം ഇത്രയും ഹിറ്റാകുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം ബാച്ചിന്റെ ഗ്രൂപ്പിലെ ഒരാളാണ് ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പാട്ട് കേട്ട് എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത് അതിൽ വളരെയധികം സന്തോഷമുണ്ടെന്ന്
സംഘത്തോടൊപ്പം പാടിയ പാടിയ അരീക്കോട് സ്വദേശി എം.പി മുഹമ്മദലിയുടെ ഭാര്യ ഉമൈബ പറഞ്ഞു.