കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജഡ്ജി ഹണി എം വർഗീസിനെതിരെ നടി. ജഡ്ജി ഹണി എം വർഗീസ് കേസ് പരിഗണിച്ചാൽ നീതി ലഭിക്കില്ലെന്നാണ് നടി ഹൈക്കോടതി രജിസ്ട്രാർക്ക് അയച്ച കത്തിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന സിബിഐ കോടതിയുടെ ചുമതല പ്രിൻസിപ്പൽ സെഷന്‍സ് ജഡ്ജി ഹണി എം വർഗീസിന് നൽകിയിരുന്നു.
സിബിഐ കോടതിയിലെ വിചാരണ പ്രിൻസിപ്പൽ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും വനിതാ ജഡ്ജിയെക്കൊണ്ട് കേസ് പരിഗണിക്കപ്പെടരുതെന്നും കത്തിൽ പറയുന്നു. ഇന്നലെയാണ് ഹണി വർഗീസിനെ സിബിഐ കോടതിയുടെ അധിക ചുമതലയിൽ നിന്ന് നീക്കിയത്. ഇതോടെ സിബിഐ കോടതി പ്രിൻസിപ്പൽ കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം അനുവദിക്കരുതെന്നാണ് നടിയുടെ ആവശ്യം.
കേസ് സിബിഐ കോടതിയിൽ തുടരണമെന്നും നടി പറയുന്നു. നേരത്തെയും വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ നടി രംഗത്തെത്തിയിരുന്നു. ജഡ്ജി പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു ആരോപണം. നടിയുടെ ആവശ്യപ്രകാരമായിരുന്നു വനിതാ ജഡ്ജിയെ നിയമിച്ചത്. കേസിൽ ഇനിയും 108 സാക്ഷികളെ വിസ്തരിക്കാനുണ്ട്. അനുബന്ധ കുറ്റപത്രത്തിലെ വിചാരണയും ആരംഭിച്ചിട്ടില്ല.