ന്യൂഡൽഹി: കെഎസ്ആർടിസിക്ക് കേന്ദ്ര സർക്കാർ 250 ഇലക്ട്രിക് ബസുകൾ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയില് പറഞ്ഞു. ഫെയിം ഇന്ത്യ ഫേസ് 2 പദ്ധതി പ്രകാരമാണ് ബസുകൾ അനുവദിച്ചിരിക്കുന്നത്. എൻ.കെ. പ്രേമചന്ദ്രന് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
കാർബൺ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് ബദൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എഥനോൾ, ഗ്യാസോലിൻ മിശ്രിത ഇന്ധനം, ഫ്ലെക്സ് ഇന്ധനം, ഡീസൽ വാഹനങ്ങൾക്കുള്ള എത്തനോൾ കലർന്ന ഇന്ധനം, ബയോഡീസൽ, ബയോ സിഎൻജി, എൽഎൻജി മെഥനോൾ എം-15, മെഥനോൾ എംഡി. 95, ഡൈമെഥൈൽ ഈതർ, ഹൈഡ്രജൻ, സിഎൻജി മറ്റ് ഇന്ധനങ്ങൾ ബദൽ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അതേസമയം കെഎസ്ആർടിസിയിൽ ഡീസൽവിതരണം മുടങ്ങിയതിനെ തുടർന്ന് സർവീസുകളിൽ മാറ്റം വരുത്തി. എണ്ണക്കമ്പനികൾക്ക് പണമടയ്ക്കുന്നത് നിർത്തിവെച്ചതോടെയാണ് ഡീസൽവിതരണം പ്രതിസന്ധിയിലായത്. നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന്റെ ഭാഗമായി ഡീസലിന്റെ ലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും മോശം കാലാവസ്ഥയിലും വരുമാനമില്ലാതെ സർവ്വിസുകൾ ഓപ്പറേറ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കി വരും ദിവസങ്ങളിൽ പൊതു യാത്രാസൗകര്യം തുടർന്ന് നൽകാനാണ് തീരുമാനം.
ഡീസൽ ഉപയോഗം കിലോമീറ്റർ ഓപ്പറേഷൻ എന്നിവ കുറക്കേണ്ടതും ഡഡ് ഓപ്പറേഷൻ പൂർണ്ണമായും ഒഴിവാക്കേണ്ടതും അനിവാര്യമാണെന്നും സാഹചര്യം മനസിലാക്കി ശ്രദ്ധയോടെയും പൊതുജനങ്ങൾക്ക് കടുത്ത ബുദ്ധിമുട്ട് വരാതെയും സർവ്വിസ് ക്രമീകരിക്കേണ്ടതുണ്ടെന്നും മാനേജ്മന്റ് പറയുന്നു. ഇതിനായി നിർദ്ദേശങ്ങൾ പുറപ്പെടുവച്ചു.
വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചർ മുതലുള്ള സൂപ്പർ ക്ലാസ് സർവ്വീസുകൾ വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും ഉച്ചക്ക് ശേഷം കഴിവതും കൃത്യമായി ഓപ്പറേറ്റ് ചെയ്യുകയും ഞായറാഴ്ച്ച ഉച്ചക്ക് ശേഷം എല്ലാ ദീർഘദൂര സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുകയും തിങ്കളാഴ്ച്ച തിരക്ക് ഉണ്ടാകുമ്പോൾ ഏതാണ്ട് പൂർണ്ണമായും ഇവ ഓപ്പറേറ്റ് ചെയ്യുകയും വേണം. യാതൊരു കാരണവശാലും ഇത്തരം സൂപ്പർ ക്ലാസ് സർവ്വിസുകൾ പോലും കോൺവോയ് ആയും റിസർവേഷൻ ഇല്ലാതെയും കളക്ഷൻ കുറഞ്ഞതുമായ സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യാതെ ക്ലബ്ബ് ചെയ്ത് യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെയും വരുമാനം നഷ്ടപ്പെടാതെയും ക്രമീകരിക്കണം.
ഒറ്റപ്പെട്ട റൂട്ടുകളിൽ ഓടുന്ന സർവീസുകൾ ഉൾപ്പെടെ വെള്ളിയാഴ്ചയിലെ പ്രധാനപ്പെട്ടതും കൂട്ടായതുമായ ഓർഡിനറി സർവീസുകൾ പരമാവധി 50% ആയും ശനിയാഴ്ചകളിൽ 25% ആയും ഞായറാഴ്ചകളിൽ ഓർഡിനറി സർവീസുകൾ പൂർണ്ണമായും ഒഴിവാക്കുകയും തിങ്കളാഴ്ച്ച ലഭ്യമായ ഡീസൽ ഉപയോഗിച്ച് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന രീതിയിൽ പരമാവധി ഓർഡിനറി സർവ്വിസുകൾ ട്രിപ്പുകൾ ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യണം.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, പൊതുജനങ്ങൾക്ക് പ്രയോജനപ്രദമായ രീതിയിൽ സർവീസ് നടത്തുന്നതിന് ലഭ്യമായ പരമാവധി ഡീസൽ ഉപയോഗിച്ച് ഓപ്പറേഷൻ സംഘടിപ്പിക്കാൻ എല്ലാ ജീവനക്കാരും ചേർന്ന് പദ്ധതി തയ്യാറാക്കണമെന്ന് നിർദേശമുണ്ട്.