ഡാളസ്: രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയ പിതാവിന്റെ നേരെ വിരല്‍ ചൂണ്ടി “ആ നില്‍ക്കുന്നത് പിശാചാണ്” എന്ന് കോടതിയില്‍ മാതാവ് പ്രതികരിച്ചു.
ഈജിപ്ത് സ്വദേശിയായ യാസര്‍ സെയ്ദിന്റെ വിചാരണ നടക്കുന്ന കോടതി മുറിയിലാണ് നാടകീയ സംഭവം അരങ്ങേറിയത്. മുസ്ലിം സമുദായത്തില്‍ പെട്ട യാസറിന്റെ രണ്ട് പെണ്‍മക്കളായ ആമിനയും (18), സാറയും (17) അമുസ്ലീങ്ങളായ യുവാക്കളെ പ്രണയിച്ചു എന്ന കാരണത്താലാണ് ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്. 2008 ജനുവരി ഒന്നിനായിരുന്നു സംഭവം നടന്നത്.
ആഗസ്റ്റ് 1ന് ആരംഭിച്ച വിചാരണയുടെ മൂന്നാം ദിവസം ഡാളസ് ഫ്രാങ്ക്ക്രൗലി കോടതിയിലാണ് മക്കളെ കൊലപ്പെടുത്തിയതിനുശേഷം അപ്രത്യക്ഷനായ മുന്‍ ഭര്‍ത്താവിനെ ആദ്യമായി മുഖാമുഖം കണ്ടപ്പോള്‍ ഭാര്യ വിരല്‍ ചൂണ്ടി പ്രതികരിച്ചത്.
കൊലപാതകത്തിനുശേഷം യാസര്‍ സെയ്ദുമായുള്ള ബന്ധം ഭാര്യ പട്രീഷ്യ ഓവന്‍സ് ഉപേക്ഷിച്ചിരുന്നു. അവര്‍ വിവാഹ മോചനവും നേടിയിരുന്നു. 12 വര്‍ഷത്തിനുശേഷം 2020ലാണ് യാസര്‍ പിടിയിലാകുന്നത്.
1987 ഫെബ്രുവരിയില്‍ 15 വയസ്സുണ്ടായിരുന്ന തന്നെ 29 വയസ്സുള്ള യാസര്‍ സെയ്ദ് വിവാഹം കഴിച്ചെന്നും, ആദ്യ മൂന്നു വര്‍ഷത്തിനുള്ളില്‍ ആമിന, സാറ, അസ്ലം എന്നീ മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്നും പട്രീഷ്യ കോടതിയില്‍ പറഞ്ഞു.
അമുസ്ലീം യുവാക്കളുമായി പെണ്‍മക്കളുടെ സൗഹൃദം തനിക്ക് അറിയാമായിരുന്നു എന്നും, താനതിനെ അകൂലിച്ചിരുന്നതായും പട്രീഷ്യ പറഞ്ഞു. പല സന്ദര്‍ഭങ്ങളിലും ഭര്‍ത്താവില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, ഇത്രയും വലിയ ക്രൂരത മക്കളോട് കാണിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പട്രീഷ്യ കോടതിയില്‍ ബോധിപ്പിച്ചു.