തൃശൂർ: ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് മാറ്റമില്ലാതെ 7.27-ല്‍ തന്നെ തുടരുന്നതായി റവന്യൂ മന്ത്രി കെ. രാജൻ. രാത്രിയിൽ അധികം മഴ പെയ്തില്ല എന്നത് ആശ്വാസമായി. എങ്കിലും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിലും തെക്കൻ ജില്ലകളിലും മാത്രമാണ് കൂടുതൽ മഴ ലഭിച്ചത്. മഴ തെക്കൻ കർണാടകയിലേക്ക് മാറുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മുല്ലപ്പെരിയാറിൽ രണ്ടാം മുന്നറിയിപ്പ് ആയില്ലെന്നും ഇടുക്കി ജില്ലയിലുള്ള എന്‍ഡിആര്‍എഫ് ടീമിനെ മുല്ലപ്പെരിയാറിലേക്ക് വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് രാവിലെ 137.15 അടിയായി. ഡാം രാവിലെ തുറന്നേക്കും.
ഡാമിലെ ജലനിരപ്പ് ഇന്നലെ രാത്രി 136 അടി പിന്നിട്ടതിനു പിന്നാലെ തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നൽകിയിരുന്നു. അധിക ജലം കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്നാട്. വൈഗ അണക്കെട്ട് നിറഞ്ഞതിനാൽ തുറന്നുവിട്ടിരിക്കുകയാണ്.