മദീന പള്ളിയെ അപമാനിച്ചതിന് ആറ് പാക്കിസ്താനികള്‍ക്ക് തടവും കനത്ത പിഴയും

മദീന: മദീനയിലെ മസ്ജിദ്-ഇ-നബവിയുടെ പവിത്രത ലംഘിച്ചതിന് ആറ് പാക്കിസ്താന്‍ പൗരന്മാര്‍ക്ക് ജയില്‍ ശിക്ഷയും കനത്ത പിഴയും വിധിച്ചു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ വർഷം ഏപ്രിലിൽ തന്റെ പ്രതിനിധി സംഘത്തോടൊപ്പം സൗദി അറേബ്യ സന്ദർശിച്ച സമയത്ത് ചില പാക്കിസ്താന്‍ പൗരന്മാർ പ്രധാനമന്ത്രിയോടും അദ്ദേഹത്തിന്റെ പ്രതിനിധികളോടും മോശമായി പെരുമാറി. ഇവർ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ മുദ്രാവാക്യം വിളിച്ചിരുന്നു.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അദ്ദേഹത്തിന്റെ പ്രതിനിധി സംഘവും മദീനയിലെ മസ്ജിദ്-നബവിയിൽ എത്തിയപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന പാക്കിസ്താന്‍ പൗരന്മാർ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് പാക് പൗരന്മാരായ അനസ്, ഇർഷാദ്, മുഹമ്മദ് സലിം എന്നിവർക്ക് മദീനയിലെ കോടതി 10 വർഷം തടവും മറ്റ് മൂന്ന് പേരായ ഖ്വാജ ലുക്മാൻ, മുഹമ്മദ് അഫ്സൽ, ഗുലാം മുഹമ്മദ് എന്നിവര്‍ക്ക് എട്ടു വര്‍ഷം വീതം ശിക്ഷ വിധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

അതോടൊപ്പം ഈ പ്രതികളിൽ നിന്ന് 20,000 സൗദി റിയാൽ വീതം പിഴ ചുമത്തുകയും അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ വർഷം ഏപ്രിലിൽ മൂന്ന് ദിവസത്തേക്ക് സൗദി അറേബ്യ സന്ദർശിച്ചിരുന്നു. ആ സമയത്ത് പാക്കിസ്താന്‍ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ പ്രവര്‍ത്തകര്‍ മദീനയിലെ മസ്ജിദ്-ഇ-നവ്ബിയുടെ പവിത്രത ലംഘിച്ചുവെന്നാണ് പ്രതികളുടെ പേരിലുള്ള കുറ്റം.

Print Friendly, PDF & Email

Leave a Comment

More News