നെസ്കോപെക്ക് (പെന്‍സില്‍വാനിയ): പെന്‍സില്‍വാനിയയില്‍ വെള്ളിയാഴ്ച പുലർച്ചെ വീടിന് തീപിടിച്ചതിനെ തുടർന്ന് ഏഴ് മുതിർന്നവരും മൂന്ന് കുട്ടികളും മരിച്ചതായി പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രദേശവാസികളെ ഞെട്ടിച്ച സംഭവത്തില്‍ അഗ്നിശമന സേനാംഗങ്ങളില്‍ ഒരാള്‍ ഈ വീട് തന്റെ ബന്ധുക്കളുടേതാണെന്ന് കണ്ടെത്തി. അവരിൽ പലരും മരണത്തിനു കീഴടങ്ങിയെന്ന് പോലീസ് പറഞ്ഞു.
ക്രിമിനൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മരണപ്പെട്ടവരില്‍ 5 ഉം 6 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളും 7 വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ടെന്ന് പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് അറിയിച്ചു. മുതിര്‍ന്നവര്‍ 19 മുതൽ 79 വയസ്സു വരെ പ്രായമുള്ളവരാണ്.
ഇരകൾ തന്റെ ബന്ധുക്കളാണെന്ന് സംഭവസ്ഥലത്ത് എത്തിയപ്പോൾ മനസ്സിലായതായി നെസ്‌കോക്ക് വോളണ്ടിയർ ഫയർ സ്റ്റേഷനിലെ അഗ്നിശമന സേനാംഗമായ ഹരോൾഡ് ബേക്കർ മാധ്യമങ്ങളോട് പറഞ്ഞു.
പെന്‍സില്‍വാനിയയില്‍ ബന്ധുക്കളെ സന്ദർശിക്കാനെത്തിയ ഏതാനും പേർ ഉൾപ്പെടെ 14 പേർ വീട്ടിൽ താമസിച്ചിരുന്നതായി ബേക്കർ പറഞ്ഞു. വീട്ടിൽ 13 നായകള്‍ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. അവരുടെ അവസ്ഥകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
മരണപ്പെട്ടവരില്‍ തന്റെ മകൻ, മകൾ, ഭാര്യാ പിതാവ്, ഭാര്യാ സഹോദരന്‍, സഹോദരി, മൂന്ന് പേരക്കുട്ടികളും മറ്റ് രണ്ട് ബന്ധുക്കളും ഉൾപ്പെടുന്നുവെന്ന് ബേക്കർ പറഞ്ഞു.
പുലർച്ചെ 2.30ഓടെയാണ് വീടിന് തീപിടിച്ചത്. ആറു മുതൽ 70 വയസ്സുവരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. കത്തുന്ന വീട്ടിൽ നിന്ന് ചില ആളുകൾക്ക് സുരക്ഷിതമായി രക്ഷപ്പെടാൻ കഴിഞ്ഞുവെന്ന് അധികൃതർ പറഞ്ഞു.
അത്യാഹിത ഫോണ്‍ നമ്പറില്‍ തന്ന വിലാസം അയൽപക്കത്തെ വീടായിരുന്നുവെന്നും എന്നാൽ ഫയർ ട്രക്ക് അടുത്തെത്തിയപ്പോൾ അത് തന്റെ കുടുംബത്തിന്റെ താമസസ്ഥലമാണെന്ന് തനിക്ക് മനസ്സിലായെന്നും ബേക്കർ പറഞ്ഞു.
വീടിന്റെ മുൻവശത്തെ പൂമുഖം പെട്ടെന്ന് തീപിടിച്ചത് കാണുന്നതിന് മുമ്പ് വലിയ ശബ്ദമോ സ്ഫോടനമോ കേട്ടതായി അയൽക്കാർ റിപ്പോർട്ട് ചെയ്തു. ഒരു യുവാവ് വീടിനു മുന്നിൽ അലറിവിളിക്കുന്നത് കേട്ടതായും ചിലർ റിപ്പോർട്ട് ചെയ്തു.
ഇരകളുമായുള്ള ബന്ധം കാരണം അഗ്നിശമന ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ട ബേക്കർ, 14 പേർ വീട്ടിൽ താമസിക്കുന്നുണ്ടെന്ന് പറഞ്ഞു. അവരിൽ ഒരാൾ പത്രം വിതരണം ചെയ്യുകയായിരുന്നു, മറ്റ് മൂന്ന് പേർ രക്ഷപ്പെട്ടു, അദ്ദേഹം പറഞ്ഞു.
“ഇത് ഒന്നിലധികം മരണങ്ങളുള്ള സങ്കീർണ്ണമായ ക്രിമിനൽ അന്വേഷണമാണ്,” പെൻസിൽവാനിയ സ്റ്റേറ്റ് പോലീസിലെ ലെഫ്റ്റനന്റ് ഡെറക് ഫെൽസ്മാൻ പറഞ്ഞു.