ഇടുക്കി: അധികജലം തുറന്നുവിടുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് നാളെ (ഞായറാഴ്ച) രാവിലെ 10 മണിക്ക് തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെന്റീമീറ്റർ ഉയർത്തി 50 ക്യുസെക്സ് വെള്ളം തുറന്നുവിടും. പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
അണക്കെട്ടിലെ ജലനിരപ്പ് 2,382.88 അടിയായി ഉയർന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.15 അടിയായി ഉയർന്നു. അണക്കെട്ടിന്റെ 10 ഷട്ടറുകൾ ഉയർത്തി 2,122 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കി.
എന്നാല്‍ ജൂലൈ 31 മുതല്‍ സംസ്ഥാനത്ത് ശക്തിയായി പെയ്ത മഴയ്ക്ക് ശമനമുണ്ട്. അഞ്ച് ജില്ലകള്‍ക്കാണ് ഇന്ന് (ശനി) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്ത് വിടുന്ന അധിക ജലം നാളെ ഇടമലയാര്‍ അണക്കെട്ടില്‍ ശേഖരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ജില്ലയിലെ മഴക്കെടുതികൾ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കനത്ത മഴയെ തുടർന്ന് കുണ്ടള എസ്റ്റേറ്റിൽ ഉരുൾപൊട്ടി പ്രദേശത്തെ ഒരു ക്ഷേത്രവും രണ്ട് കടകളും തകർന്നു. മേഖലയിലെ 175 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.