മൂന്നാറിലെ കുണ്ടള എസ്റ്റേറ്റിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജാഗ്രതാ നിർദേശം

ഇടുക്കി: പെട്ടിമുടി ദുരന്ത വാർഷികത്തിൽ മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ ഉണ്ടായ കനത്ത മണ്ണിടിച്ചിലിൽ ഒരു ക്ഷേത്രവും രണ്ട് കടകളും പൂർണമായും മണ്ണിനടിയിലായി.

മൂന്നാർ-വട്ടവട റൂട്ടിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് പാതയിൽ കൂറ്റൻ പാറകളും മണ്ണും അടിഞ്ഞുകൂടി. ഇപ്പോൾ സ്ഥലം പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. എന്നാല്‍, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, സ്ഥിതിഗതികൾ അറിയിച്ചതിനെത്തുടർന്ന് 450ഓളം പേരെ അവരുടെ വീടുകളിൽ നിന്ന് പുതുക്കുടി ഡിവിഷനിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

ദേവികുളം എംഎൽഎ എ രാജയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. ഏതാണ്ട് എല്ലാ റോഡുകളും പൂർണ്ണമായും തകർന്നു. വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനാൽ ഗ്രാമത്തിലേക്ക് പോകാൻ വളരെ ബുദ്ധിമുട്ടാണെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ് കവിതാ വി കുമാർ പറഞ്ഞു.

താഴെ കുണ്ടള എസ്‌റ്റേറ്റിലടക്കം 141 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. നിരവധി ലയങ്ങളാണ് താഴെയുണ്ടായിരുന്നത്. രാത്രി ഇതുവഴി വാഹനത്തില്‍ വന്ന ആളുകളാണ് ഉരുള്‍പൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത് കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബങ്ങളെ പൂര്‍ണമായും അടുത്തുള്ള സ്‌കൂളുകളിലേക്കും മറ്റും മാറ്റുകയായിരുന്നു.

മണ്ണും കല്ലും നിറഞ്ഞ് വട്ടവട-മൂന്നാർ റോഡ് പൂർണമായും തകർന്നു. ഇതോടെ വട്ടവട പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. മണ്ണ് നീക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനുശേഷമേ റോഡിന്റെ അവസ്ഥ പറയാനാകൂവെന്നും എംഎൽഎ പറഞ്ഞു.

2020 ഓഗസ്റ്റ് 6 ന് രാത്രിയാണ് മലമുകളിൽ നിന്ന് ഉരുള്‍ പൊട്ടി പെട്ടിമുടിയിൽ പതിച്ചത്. നാല് ലയങ്ങളിലായി കിടന്നുറങ്ങുകയായിരുന്ന കുഞ്ഞുങ്ങളും ഗർഭിണികളും ഉൾപ്പെടെ 70 പേർക്കാണ് ജീവൻ നഷ്ടമായത്. 12 പേർ മാത്രമാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

 

Print Friendly, PDF & Email

Leave a Comment

More News