ഫിലാഡൽഫിയ: മനുഷ്യ സ്‌നേഹംകൊണ്ട് മഹാവിസ്‌മയം തീർക്കുന്ന മജീഷ്യൻ മുതുകാടാണ് ഇത്തവണത്തെ ബഡ്ഡി ബോയ്സ് ഓണത്തിന്റെ മുഖ്യാതിഥി എന്നറിഞ്ഞതു മുതൽ ഫിലഡൽഫിയാ മലയാളികൾ ഒരു കാര്യം ഉറപ്പിച്ചുകഴിഞ്ഞു. “ഇത്തവണത്തെ ഓണം ബഡ്ഡി ബോയ്സിനും മുതുകാടിനൊപ്പം.” ആ തീരുമാനത്തെ നൂറു ശതമാനം ശരിവയ്ക്കുന്നതായിരുന്നു കഴിഞ്ഞ ചുരുങ്ങിയ ദിവസത്തിനുള്ളിൽ മാത്രം നടന്ന ടിക്കറ്റുകളുടെ റെക്കോർഡു വിൽപ്പന.
ഫിലഡൽഫിയ, ന്യൂജേഴ്‌സി, ന്യൂയോർക്ക് തുടങ്ങിയ വിവിധ സ്റ്റേറ്റുകളിൽനിന്നും നിരവധി ആളുകളാണ് ടിക്കറ്റുകൾ ആവശ്യപ്പെട്ടുകൊണ്ടും, ഓണത്തിന് പങ്കെടുക്കുവാനുമുള്ള താല്പര്യം അറിയിച്ചുകൊണ്ടും സംഘാടകരുമായി ഫോണിൽ ബന്ധപ്പെടുന്നത്. ഓണം മലയാളികളുടെ ഉത്സവം ആണെങ്കിലും ഈ ഉത്സവ വാർത്തയറിഞ്ഞു ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ ഫിലാഡൽഫിയ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രിസൺസ് ഡെപ്യൂട്ടി കമ്മിഷണർ സേവ്യർ ബ്യൂഫോർട്ട് മസോളം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും എത്തിച്ചേരുന്നു എന്നതും കൂടുതൽ ഉന്മേഷം പകരുന്നു. ഒപ്പം, ന്യൂജേഴ്‌സി ബഡ്ഡി ബോയ്സ് ടീം ഒന്നടങ്കം ഫുൾ സപ്പോർട്ടുമായി എത്തിച്ചേരും.
എന്താണ് ഈ വർഷത്തെ ബഡ്ഡി ബോയ്സ് ഓണത്തിന്റെ പ്രതേകത…?
മത്സരങ്ങൾക്കും കലാപരിപാടികൾക്കും ഓണ സദ്യയ്ക്കുമപ്പുറം ജനം കാത്തിരിക്കുന്നത് താരമൂല്യങ്ങൾക്കുമപ്പുറം ജനം ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന ഇന്ദ്രജാലങ്ങളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങുളുടെ ദൈവദൂതനും, കേരളം കണ്ട ഏറ്റവും മികച്ച മോട്ടിവേഷൻ സ്പീക്കറുമായ സാക്ഷാൽ പ്രൊഫസ്സർ ഗോപിനാഥ് മുതുകാട് ഓണത്തിനെത്തി സന്ദേശം നൽകുന്നു എന്നതാണ്.
45 വർഷം ഇന്ദ്രജാലം കൊണ്ട് മലയാളിയുടെ ഹൃദയം കീഴടക്കിയ മഹാപ്രതിഭ എന്നതിനപ്പുറം ലോക മലയാളികൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന മോട്ടിവേഷൻ സ്പീക്കറും, കേരളത്തിലെ നൂറിലധികം ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തു നിർത്തി അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനും, അവർക്ക് സ്വയം പര്യാപ്തരായി ജീവിക്കുവാനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുന്നതിനും വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏഷ്യയിലെ ആദ്യത്തെ മാജിക് തീം മ്യൂസിയമായ മാജിക് പ്ലാനറ്റിന്റെ ഉടമയുമാണ് പ്രൊഫ. ഗോപിനാഥ് മുതുകാട്.
സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി ആളുകൾ പങ്കെടുക്കുന്ന ഈ ഓണാഘോഷ പരിപാടികളിൽനിന്നും മിച്ചം കിട്ടുന്ന മൊത്തം തുകയും തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന മുതുകാടിന്റെ “ഡിഫ്രന്റ് ആർട്ട് സെന്റർ” നു കൈമാറുമെന്ന വാർത്ത അറിഞ്ഞതുമുതൽ നിരവധി ആളുകളാണ് സ്‌പോൺസേർസ് ആയി ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. കാരുണ്യത്തിന്റെ കൈത്താങ്ങായി നിലകൊള്ളുന്ന ബഡ്ഡി ബോയ്‌സിനേയും, പ്രൊഫസ്സർ ഗോപിനാഥ് മുതുകാടിനേയും അമേരിക്കൻ മലയാളികൾ ഇരുകൈയുംനീട്ടി നെഞ്ചേറ്റിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഈ സ്വീകാര്യത.
പ്രൊഫഷണൽ ടീമുകൾ അണിയിച്ചൊരുക്കുന്ന വത്യസ്ത പരിപാടികളുടെ വർണ്ണവിസ്മയങ്ങൾ തീർക്കുന്ന ഓണാഘോഷ പരിപാടികൾ 2022 ഓഗസ്റ്റ് 14ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് (9999 Gatnry Road ,Philadelphia, PA 19115 ) നടത്തപ്പെടുന്നത്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.