തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക പിന്നോക്കാവസ്ഥയ്ക്ക് കാരണം ഇവിടെ വൈശ്യർ ഇല്ലാത്തതുകൊണ്ടാണെന്ന് മുൻ ധനമന്ത്രിയും സി.പി.എം നേതാവുമായ ഡോ. തോമസ് ഐസക്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയെ തടസപ്പെടുത്തുന്നത് തീവ്ര ട്രേഡ് യൂണിയനിസമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് തോമസ് ഐസക്കിന്റെ പ്രസ്താവന. സംസ്ഥാനത്തിന്റെ വ്യാവസായിക പിന്നോക്കാവസ്ഥയക്ക് മറ്റൊരു കാരണം ഇവിടെ ഒരു സംരംഭക സംസ്‌കാരം നിലനില്‍ക്കുന്നില്ല എന്നതുകൊണ്ടാണ്. മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ മാര്‍വാഡികളോ ചെട്ടിയാര്‍മാരോ പോലെയുള്ള കച്ചവടക്കാരോ വ്യവസായ വര്‍ഗങ്ങളോ കേരളത്തില്‍ ഉണ്ടായിരുന്നില്ല.
ഇവിടെ വ്യാവസായിക പിന്നോക്കാവസ്ഥ ട്രേഡ് യൂണിയനുകൾ മൂലമല്ല, മറിച്ച് കേരളത്തിലെ ജാതി വ്യവസ്ഥയുടെ പ്രത്യേകതയായ വൈശ്യരുടെ അഭാവമാണ്. മുംബൈയിൽ ശക്തമായ ട്രേഡ് യൂണിയൻ സംവിധാനമുണ്ടെങ്കിലും മഹാരാഷ്ട്ര അസൂയാവഹമായ വ്യാവസായിക പുരോഗതി കൈവരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.