യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മൈക്കെലാഞ്ജലോ പരിഭ്രാന്തനായി. ഒരാവശ്യമുള്ള കാര്യമായിരുന്നില്ല പിയറോ ഡി മെഡിസിക്ക്. വാസ്തവത്തില്‍ നേപ്പിള്‍സിനെ ആക്രമിക്കാനാണ് ഫ്രാന്‍സിലെ ചാള്‍സ് എട്ടാമന്‍ ഫ്ളോറന്‍സിന്റെ അതിര്‍ത്തിയായ ടസ്കിനി മലയടിവാരത്തിലൂടെ പ്രവേശിച്ചത്. പാരമ്പര്യ അവകാശത്തിന്റെ പേരില്‍. പക്ഷേ, തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്ന ഒരു അവിവേകിയായി പുതുതായി ഭരണമേറ്റ പിയറോയെ, മൈക്കെലാഞ്ജലോ മനസ്സില്‍ പഴിച്ചു. തീര്‍ച്ചയായും അവന്റെ പിതാവായിരുന്ന ലോറന്‍സോ മാഗ്നിഫിസന്റ് ഇങ്ങനെ ഒരു തീരുമാനം എടുക്കില്ലായിരുന്നു. ഫ്ലോളോറന്‍സിന്റെ അതിരുവഴി നേപ്പിള്‍സിലേക്ക് ഫ്രഞ്ചുസേനയെ കടത്തി വിട്ട് ചാള്‍സ് എട്ടാമന്റെ പ്രീതി സമ്പാദിക്കാമായിരുന്നു. അതിനു പകരം ഈ മണ്ടന്‍ ചെയ്തത് നേപ്പിള്‍സിലെ പ്രഭുവിന് സൈനിക സഹായം നല്‍കി ഫ്രാന്‍സിന്റെ നേരേ തിരിഞ്ഞു, ഫ്രാന്‍സിന്റെ വന്‍പടയെ വെല്ലുവിളിച്ചുകൊണ്ട്.
ഇനി എന്തു ചെയ്യും! റോമില്‍ കര്‍ദിനാളായി കഴിയുന്ന പിയറോയുടെ ഇളയ സഹോദരനും തന്റെ സമപ്രായക്കാരനുമായ കര്‍ദിനാള്‍ ജിയോവാനി മെഡിസിയെ, മൈക്കെലാഞ്ജലോ ദൂതനെ അയച്ചു വിവരങ്ങള്‍ അറിയിച്ചു. റോമില്‍നിന്ന് നാലാം പക്കം കര്‍ദിനാളിന്റെ മുദ്രയുള്ള വില്ലുവണ്ടിയില്‍ കര്‍ദ്ദിനാള്‍ ജിയോവാനി ഡി മെഡിസി എത്തി. മൈക്കെലാഞ്ജലോ മ്‌ളാനവദനനായി കാണപ്പെട്ടു.
മൈക്കിളിന്റെ മുഖഭാവം ദര്‍ശിച്ച കര്‍ദിനാള്‍ നിരാശയോടെ ചോദിച്ചു;
ജൃേഷ്ഠനെവിടെ?
പോയി!
യുദ്ധത്തിനോ?
അതേ.
വിവരദോഷിയായ സഹോദരന്‍. ഇനിയും എന്തുചെയ്യും!
ഇവിടെനിന്ന് പലായനം ചെയുന്നതുതന്നെ നന്ന്. ശക്തമായ ഫ്രഞ്ചു പടയെ ജയിക്കാന്‍ ഫ്ളോറന്‍സിന് കഴിയുമെന്ന് കര്‍ദിനാള്‍ ജിയോവാനി തിരുമനസ്സുകൊണ്ട് കരുതുന്നുണ്ടോ?
അതിനിടെ പെട്ടെന്നൊരു വാര്‍ത്ത പരന്നു. ഫ്ലോറന്‍സിന്റെ പട തോറ്റു. പിയറോ മെഡിസി തോറ്റ് പലായനം ചെയ്യുന്നതിനിടെ മരണപ്പെട്ടു. കിഴക്കന്‍ ഇറ്റലിയിലെ ഗാരിഗ്ലിയാനോ നദി നീന്തിക്കടക്കവേ, കനത്ത അടിയൊഴുക്കില്‍പ്പെട്ട്.
ഫ്രഞ്ച് പടയുടെ ആരവം എവിടെയും കേട്ടു. ഫ്ലോറന്‍സിലെ ജനത അവരെ എതിരേറ്റു. അത് സാവോനാറോളായുടെ വിജയമായിരുന്നു.
സാവോനാറോളയുടെ ശബ്ദം എവിടെയും പ്രതിദ്ധനിച്ചു;
ഫ്ലോളോറന്‍സിലെ ജനമേ!
ദൈവഹിതം നടന്നിരിക്കുന്നു. ദൈവശിക്ഷ ഫ്ളോറന്‍സിലെ ഭരണാധികാരിയുടെ മേല്‍ പതിച്ചിരിക്കുന്നു. ഇനി ഫ്രാന്‍സ്, ഫ്ളോറന്‍സിനെ ഭരിക്കട്ടെ. ഫ്രാന്‍സിലെ ചാള്‍സ് രാജാവ് തിരുമനസ്സുകൊണ്ട് ഫ്ലോറന്‍സിനെ ഭരിക്കാന്‍ എന്നെ തിരുമനസ്സിന്റെ അംബാസിഡറായി നിയമിച്ചിരിക്കുന്നു. ഇനി മുതല്‍ ഫ്ളോറന്‍സ് ദൈവത്തിന്റെ രാജ്യമായിരിക്കും. പുതിയ ജനാധിപത്യ ഫ്ളോറന്‍സ്! എല്ലാ ഉത്സവങ്ങളും ആഡംബരങ്ങളും ദൈവനിഷിദ്ധമായ പാപങ്ങളും ഇനിമേല്‍ ഫ്ളോറന്‍സിനെ മലിനപ്പെടുത്തുകയില്ല. ഇതോടെ മെഡിസി പ്രഭുക്കളുടെ കുത്തക ഭരണം അവസാനിച്ചിരിക്കുന്നു.
കര്‍ദിനാള്‍ ജിയോവാനി റോമിലേക്ക് തിരികെപ്പോയി. മൈക്കെലാഞ്ജലോ കുറേക്കാലത്തേക്ക് ടസ്കിനിയില്‍ സ്വഭവനത്തിലേക്ക് മടങ്ങി. അപ്പന്‍ ലുഡ്വിക്കോ ബുവോണാറൊറ്റിയോടൊപ്പം കുറേ നാള്‍ പാര്‍ത്തു. ഫ്ളോറന്‍സ് സാവോനാറോളയുടെ നേതൃത്വത്തില്‍ ഒരു ആദ്ധ്യാത്മിക രാജ്യമെന്ന പേരില്‍ കര്‍ശന ചിട്ടകളാല്‍ മാറിക്കൊണ്ടിരുന്നു. കല്ലുവെട്ടുകാരും ശില്പം കൊത്തുകാരും ടുസ്കിനിയിലെ പാറമട ഉപേക്ഷിച്ച് ചുറ്റുമുള്ള വെനീസ്, മിലാന്‍, ബോളോഗ്ന, റോം, സിസീലി തുടങ്ങിയ അന്യരാജ്യങ്ങളിലേക്ക് ചേക്കേറി. ഫ്ളോറന്‍സിന്റെ സമ്പദ്‌വ്യവസ്ഥ ശോഷിച്ചു. ചിത്രകാരന്മാരും ശില്പികളും കടക്കെണിയില്‍പ്പെട്ടു, അവര്‍ തുടര്‍ന്നിരുന്ന ധാരാളിത്തത്തിന്റെ പേരില്‍.
വാര്‍ദ്ധക്യത്തിലേക്ക് കാലുന്നിയിരുന്ന ലുഡ്വിക്കോ, മൈക്കെലാഞ്ജലോയെ ഉപദേശിച്ചു;
നിനക്ക് കിട്ടിയിരുന്ന നല്ല വേതനത്തിന്റെ പങ്കു പറ്റിയാണ് ഞാന്‍ സുഖമായി കഴിഞ്ഞിരുന്നത്. ഇനിയിപ്പോള്‍ എന്റെയും നിന്റെയും സ്ഥിതി കഷ്ടത്തിലായല്ലോ. എന്തു ചെയ്യാം! മറ്റുള്ള ശില്പികളും ചിത്രകാരന്മാരും വിദേശത്തേക്കു പോകുന്നുണ്ടല്ലേോ, നിനക്കും ആ വഴി ചിന്തിച്ചുകൂടേ?
ആലോചിക്കുന്നുണ്ട്. പോപ്പ് ഇന്നസന്റ് എട്ടാമന്‍ കാലം ചെയ്തതിനു ശേഷം അടുത്ത പോപ്പായി സ്പെയിന്‍കാരനായ കര്‍ദിനാള്‍ റോഡറിഗോ ബോര്‍ജിയാ, പോപ്പ് അലക്സാണ്ടര്‍ ആറാമന്‍ എന്ന നാമത്തില്‍ സ്ഥാനാരോഹിതനായിട്ടുണ്ടല്ലോ. പോപ്പ് എന്നതിലപ്പുറം നവോത്ഥാന രാജകുമാരന്‍ (റിനൈസന്‍സ് പ്രിന്‍സ്) എന്നാണ് പുതിയ പിതാവിന്റെ അപരനാമം. എന്തായാലും എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകാം. സാവര്‍ണോള എന്ന യാഥാസ്ഥിതിക പുരോഹിതനെ പിതാവ് പിടിച്ചു കെട്ടുമെന്നാണ് കേള്‍ക്കുന്നത്. പാപ്പാ സ്പെയിന്‍കാരനായതുകൊണ്ട്, ഫ്രാന്‍സിനെ തളച്ചിടാനേ ശ്രമിക്കു, എങ്കില്‍ ആ കൂട്ടത്തില്‍ സന്യാസി പുരോഹിതനെ ഫ്‌ളോറന്‍സില്‍നിന്ന് തുരത്തി നിര്‍വീര്യമാക്കി ഏതെങ്കിലും കോണ്‍വെന്റിന്റെ ഇരുട്ടറയ്ക്കുള്ളില്‍ ഒതുക്കു മെന്നുമൊക്കെയാണ് പൊതുസംസാരം. അങ്ങനെയെങ്കില്‍ ഞാനെന്തിന് ഫ്ളോറന്‍സ് വിട്ടുപോകണം? കറോറ പാറമടയിലെ കല്ലുകള്‍ തുച്ഛവിലയ്ക്കു വാങ്ങാം, ധാരാളം ശില്പികള്‍ രാജ്യം വിട്ടുപോയതുകൊണ്ട്.
മൈക്കിളിന്റെ നിഗമനവും പൊതുജനസംസാരവും തല്‍ക്കാലത്തേക്ക് കാറ്റില്‍ പറന്നു പോയി. സാവനാറോള അപകടകാരിയാണെന്ന് പോപ്പിനറിയാം. പെട്ടെന്ന് സ്ഥലമാറ്റം പൊതുജനരോക്ഷം ആളിക്കത്തിയേയ്ക്കാമെന്ന് പോപ്പ് കരുതി. വാസ്തവത്തില്‍ അയാളുടെ ഭാഗത്താണ് ശരി എന്നു തോന്നത്തക്കവിധമുള്ള ഒരു മസ്തിഷ്ക്കപ്രക്ഷാളനമാണ് അയാളുടെ പ്രഭാഷണങ്ങള്‍ ഒക്കെ. ആരും അതില്‍ വീണുപോകും. അല്ലെങ്കില്‍ത്തന്നെ പോപ്പുമാര്‍ റോമന്‍ കൈസര്‍മാരെപ്പോലെതന്നെ അധികാരമുള്ള ഭരണാധികാരികള്‍ തന്നെ. വിശുദ്ധ റോമാസാമ്രാജ്യത്തിലെ ച്രകവര്‍ത്തിമാരെ വാഴിക്കുകയും, യൂറോപ്പിലെ രാജാക്കന്മാര്‍ തമ്മില്‍ യുദ്ധം ചെയ്യുമ്പോഴും അവരെ ഒക്കെ നിലയ്ക്കു നിര്‍ത്തണമെങ്കില്‍ വേണ്ടിടത്ത് അധികാരങ്ങള്‍ ഉപയോഗിക്കുകയും വേണം. അതുകൊണ്ട് എന്തെങ്കിലും കാരണങ്ങള്‍ കണ്ടുപിടിച്ച് സാവോനാറോളയെ നിശ്ശബ്ദനാക്കിയേ മതിയാവു.
ഫ്ളോറന്‍സില്‍ നിശ്ശബ്ദത പടര്‍ന്നു. കാര്‍ണിവല്‍, ചിത്രശില്പ പ്രദര്‍ശനങ്ങള്‍, സംഗീതക്കച്ചേരികള്‍, നൃത്തഘോഷങ്ങള്‍, വാദ്യമേളങ്ങള്‍ എല്ലാം ഒന്നൊന്നായി നിലച്ചു. പട്ടുവസ്ത്രങ്ങളും രത്നങ്ങളും ധരിച്ച പ്രഭു സുന്ദരികളേയും സുന്ദരന്മാരേയും നിരത്തില്‍ കാണാതായി. കുതിര വണ്ടികളില്‍ പ്രഭുക്കള്‍ ആഘോഷമില്ലതെ സഞ്ചരിച്ചു. നിര്‍ജ്ജീവമായ ഫ്ളോറന്‍സില്‍ ഇടയ്ക്കിടെ പള്ളി മണികള്‍ സംഗീതം മുഴക്കി. കത്തീഡ്രലിലെ ഗായക സംഘത്തെ പിരിച്ചുവിട്ടു. സംഗീതവും പാപമായി പരിണമിച്ചു. എങ്ങും പ്രാര്‍ത്ഥനയുടെയും ദൈവസ്തുതിപ്പിന്റെയും ശബ്ദം മുഴങ്ങി. സന്യാസിനി മഠങ്ങളുടെ മതില്‍ക്കെട്ടിനുള്ളില്‍ വിശുദ്ധ്ര ഗന്ഥങ്ങള്‍ പകര്‍ത്തിയെഴുതുന്ന സ്ക്രിപ്റ്റ് എഴുത്തുകാര്‍ ഒതുങ്ങിക്കൂടി.
മൈക്കെലാഞ്ജലോ ഗത്യന്തരമില്ലാതെ ഫ്ളോറന്‍സ് വിട്ടുപോകാന്‍ തീരുമാനിച്ചു. ടസ്കിനിയില്‍നിന്ന് ഫെറാറയിലെത്തി, അവിടത്തെ ഡൂക്കിന്റെ കൊട്ടാര ശില്പിയായി കഴിയവേയാണ് പ്രശസ്ത കവിയും ഹുമാനിസ്റ്റുമായ ലുഡ്വിക്കോ അരിസ്റ്റോ എന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടത്. കവിതാസ്വാദകനായ കൊട്ടാരത്തിലെ ഡൂക്ക് ഒരാഘോഷത്തിന് കവി സദസ്സ് വിളിച്ചു കൂട്ടി. വന്നെത്തിയവരിലേറെ പ്രസിദ്ധനായിരുന്നു, ലുഡ്വിക്കോ അരിസ്റ്റോ! ഒര്‍ലാന്‍ഡോ ഫുറിഓസോ എന്ന പ്രണയ കാവ്യമെഴുതി പ്രഭ്വികളുടെ ഹരമായിത്തീര്‍ന്ന അരിസ്റ്റോ. ധാരാളം ലാവണൃവതികളായ പ്രഭുകുമാരികള്‍ അരിസ്റ്റോയെ കാണാനെത്തിയിരുന്നു. മൈക്കെലാഞ്ജലോ ആ ആഘോഷത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു.
പ്രഭുകുമാരനായ ലുഡ്വിക്കോ അരിസ്റ്റോ നേരിയ കറുത്ത പട്ടില്‍ സ്വര്‍ണ്ണനുലുകള്‍ പാകിയ നീളന്‍ കുപ്പായമിട്ട്, തലയില്‍ രത്നഖചിതമായ തലപ്പാവ് ധരിച്ച് സദസ്സില്‍ ആഗതനായപ്പോള്‍ പ്രഭു കുമാരികള്‍ ആ സുന്ദര പ്രഭുകുമാരനെ ഉറ്റുനോക്കി അത്ഭുതം കൂറി. അവരുടെ കണ്ണുകള്‍ വിടര്‍ന്നു. അവ സുന്ദരനായ ആ ചെറുപ്പക്കാരന്റെ വശൃമായ പുഞ്ചിരിയിലലിഞ്ഞു. ചെമ്പിച്ച നീട്ടി വളര്‍ത്തിയ താടിയും മുടിയും പ്രകാശമുള്ള നീലക്കണ്ണുകള്‍. അയാളുടെ ഈണത്തിലുള്ള ഇമ്പമാര്‍ന്ന നാദം സദസ്സില്‍ കൈയ്യടിയും ആര്‍പ്പു വിളിയും ഉതിര്‍ത്ത് ആ കാവ്യസന്ധ്യയെ കുളിര്‍മഴ പെയ്യിച്ചു.
സമപ്രായക്കാരായ മൈക്കെലാഞ്ജലോയും ലുഡ്വിക്കോ അരിസ്റ്റോയും അടുത്ത സുഹൃത്തുക്കളായി. അവര്‍ പരസ്പരം നേരത്തെതന്നെ കേട്ടിരുന്നു. യുവശില്പിയായ മൈക്കിളിനെ അരിസ്റ്റോ ഇഷ്ടപ്പെട്ടു. അപ്രകാരം അരിസ്റ്റോയുടെ കാവ്യങ്ങളില്‍ മൈക്കിള്‍ ആനന്ദം പുണ്ടു. ആ പ്രചോദനം മൈക്കിളിനെ ക്രമേണ ഒരു കവിയാക്കി മാറ്റി, ശില്പിക്ക് കാവ്യരചന ഒരു പൊന്‍തൂവല്‍ എന്ന മട്ടില്‍. അതില്‍ പിന്നീട് അവര്‍ മിക്ക സായാഹ്നങ്ങളിലും കണ്ടുമുട്ടി. ലഹരിയുള്ള വീഞ്ഞും ലഹരിയുള്ള കവിതകളും മൈക്കെലാഞ്ജലോയെ മറ്റൊരു ലോകത്തേക്കു കൊണ്ടുപോയി. അപ്പോള്‍ ഫ്ളോറന്‍സും സാവോനാറോള എന്ന സന്യാസി പുരോഹിതനും തല്‍ക്കാലത്തേക്കെങ്കിലും മൈക്കെലാഞ്ജലോയില്‍ നിന്നു മാഞ്ഞു.
ഒരിക്കല്‍ മൈക്കിള്‍ ഒരു കവിത എഴുതി. തിങ്ങി പുറത്തേക്കൊഴുകാന്‍ വെമ്പിനിന്ന ഒരു കാല്പനികധാര! അത് ലുഡ്വിക്കോ അരിസ്റ്റോയെ കാണിച്ചു.
സിന്‍സ് ഇറ്റീസ് ട്രൂ ദാറ്റ്, ഇന്‍ ഹര്‍ഡ് സ്റ്റോണ്‍, വണ്‍ വില്‍ അറ്റ് ടൈംസ്
മേക്ക് ദ ഇമേജ് ഓഫ് സംവണ്‍ എല്‍സ് ലുക്ക്‌ലൈക്ക് ഹിംസെല്‍ഫ്,
ഐ ഓഫണ്‍ മേക്ക ഹേര്‍ ഡിയറി
ആന്‍ ആഷന്‍ ജസ്റ്റ് ആസ് അയാം മെയിഡ് ബൈ ദിസ് വുമണ്‍;
ആന്റ് ഐ സെയിം ടു കീപ്പ് ടേക്കിങ്ങ് മൈസെല്‍ഫ്
ആസ് എ മോഡല്‍, വെന്നെവര്‍ ഐ തിങ്ക് ഓഫ് ഡെപിസിറ്റിങ് ഹെര്‍,
ലുഡ്വിക്കോ അരിസ്റ്റോ ആവേശപൂര്‍വ്വം ആ കവിത വായിച്ചു മൊഴിഞ്ഞു…
കാല്പനികതയുടെ ഒരരുവി। താങ്കളുടെ ശില്പം പോലെ ഇതെത്ര മനോഹരം, സമയം കിട്ടുമ്പോഴൊക്കെ ഇനിയുമെഴുതുക. കവിത ശില്പമാണ്, ശില്പം കവിതയാണ്!
(തുടരും…..)