മൈക്കെലാഞ്ജലോയും ലുഡ്‌വിക്കോ അരിസ്റ്റോയും സായംകാലങ്ങളില്‍ കൂടി സന്ധ്യാവേളകളെ ആനന്ദമയമാക്കിത്തീര്‍ത്തു. കവിതാപാരായണവും ലഹരിയുള്ള വീഞ്ഞും അവരെ സന്തുഷ്ടരാക്കി. ആനുകാലിക വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. നവോത്ഥാന ആര്‍ട്ടിസ്റ്റുകള്‍, അവരുടെ സംഭാവനകള്‍, കവികള്‍, ക്ലാസിക് കൃതികള്‍, ശാസ്ത്രജ്ഞര്‍, പോപ്പുമാര്‍, രാജാക്കന്മാര്‍, പ്രഭുക്കള്‍, ഹുമാനിസ്റ്റുകള്‍ എന്നിവര്‍ അവരുടെ ചര്‍ച്ചകളില്‍ സ്ഥാനംപിടിച്ചു.
മൈക്കിള്‍ പറഞ്ഞു:
നമ്മള്‍ കണ്ടുമുട്ടിയത് ഒരു നിമിത്തമാണ്.
അരിസ്റ്റോ വാചാലനായി:
അതേ, അതേ. എല്ലാക്കാര്യങ്ങളും അങ്ങനെയാണ്. താങ്കളില്‍ ഒരു നല്ല കവി ഒളിച്ചിരിപ്പുണ്ട്. ശില്പംപോലെ അത് കൊത്തി രൂപപ്പെടുത്തി തേച്ചുമിനുക്കി പുറത്തേക്കെടുക്കണം. ലിയനാര്‍ഡോ ഡാവിന്‍ചിയെ നോക്കുക. അദ്ദേഹം ബഹുമുഖ പ്രതിഭയല്ലേ..! ചിത്രകാരന്‍, ശില്പി, ശാസ്ത്രജ്ഞന്‍, വാഗ്മി എന്നുവേണ്ട വിവിധ തുറകളില്‍ ഉന്നതന്‍, ബഹുമാന്യന്‍! ഇന്ന് ഉന്നതത്തില്‍ നില്‍ക്കുന്ന ശില്പിയും ചിത്രകാരനും കൂടിയാണ്. എന്നാല്‍ ശില്പകലയില്‍ താങ്കളുടെ നാമധേയം ഡാവിന്‍ചിയുടെ ഒപ്പമോ, അതിനപ്പുറമോ എത്തിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഡാവിന്‍ചി പടക്കുതിരകള്‍ക്ക് മിഴിവേറെ കൊടുക്കുമെങ്കിലും മനുഷ്യരുടെ പ്രതിമകള്‍ക്ക് ഏറെ കരുത്തും ജീവനും താങ്കളുടെ പ്രതിമകള്‍ക്കാണ് എന്നാണ് കേള്‍വി. നിങ്ങള്‍ രണ്ടു പേരും മനുഷ്യശരീരങ്ങള്‍ കീറി പഠിച്ചിട്ടുണ്ട്. എന്നാല്‍ താങ്കളുടെ ശില്പത്തിന്റെ പൂര്‍ണ്ണത നഗ്നതയിലും പേശികളുടെയും രക്തധമനികളുടെയും ചിത്രീകരണത്തിലുമാണ്.
മൈക്കെലാഞ്ജലോ ഓര്‍ത്തു:
ശരിയാണ്, ഡാവിന്‍ചി ബഹുമുഖ പ്രതിഭയാണ്. എന്നാല്‍ ഒരല്പം അഹങ്കാരം അദ്ദേഹത്തിനില്ലേ എന്നൊരു തോന്നല്‍. അദ്ദേഹം ഒരിക്കല്‍ മഹാശില്പിയായ ബെര്‍റ്റോള്‍ഡോ ജിയോവാനിയെ കാണാന്‍ മെഡിസി കൊട്ടാരത്തില്‍ വന്നിരുന്നു. അപ്പോള്‍ ബെര്‍റ്റോള്‍ഡോ, ശില്പപഠനത്തിലേര്‍പ്പെട്ടിരുന്ന തന്നെ ഡാവിന്‍ചിക്കു പരിചയപ്പെടുത്തി;
മൈക്കെലാഞ്ജലോ, സമര്‍ത്ഥനാണ്. എത്രവേഗത്തിലാണ് ഈ പയ്യന്‍ ശില്പരചന വശമാക്കിക്കൊണ്ടിരിക്കുന്നത്! ഭാവിയുടെ വാഗ്ദാനമാണ്! ഈശ്വരാനുഗ്രഹമുള്ള പയ്യനാണ്.
ഡാവിന്‍ചി ഒന്നു കളിയാക്കി ചിരിയോടെ പരിഹാസത്തില്‍ പറഞ്ഞു:
കൊത്തിക്കൊത്തി എന്റെ അന്നന്നയപ്പം മുടക്കാതിരുന്നാല്‍ മതി. ബെര്‍റ്റോള്‍ഡോ അത് ഇട്ടുമൂടി:
ഏതായാലും ഡാവിന്‍ചിയുടെ ഒപ്പമെത്തുമെന്ന് പേടിക്കണ്ട!
മൈക്കിള്‍ ചിന്തിച്ചു:
വലിയ മനുഷ്യനാണ്, പക്ഷേ തല മൂടത്തക്കവിധം അഹങ്കാരം ഉള്ളിലുണ്ട്. ഒരു ഒന്നാം പ്രമാണക്കാരന്‍! എനിക്കുമീതെ ആരുമുണ്ടായികൂടാ എന്ന അഹന്ത!
സംസാരപ്രിയനായ അരിസ്റ്റോ മുന്തിയ വീഞ്ഞിന്റെ ലഹരിയില്‍ അപ്പോഴും സംസാരിച്ചുകൊണ്ടിരുന്നു. തെല്ലിട നിര്‍ത്തി മൈക്കിളിനോടൊരു ചോദ്യം:
നവോത്ഥാനശിലല്‍പികളില്‍ ആരാണ് മൈക്കിളിന് ഏറെ പ്രേരണയായിട്ടുള്ളത്? ഡൊണാറ്റെല്ലോ! ഫ്ലോറന്‍സിലെ സാന്താക്രൂസ് ദേവാലയത്തിലെ ആള്‍ രൂപ വലിപ്പത്തിലുള്ള ആ ക്രൂശിതരൂപം! വെണ്ണക്കല്ലില്‍ കൊത്തിമിനുക്കി സിഡാര്‍ മരക്കുരിശില്‍ തുങ്ങിയ രൂപം. മുള്‍മുടി തലയില്‍ ചൂടി രക്തക്കറകളോടെ വലത്തെ തോളിലേക്ക് ചാഞ്ഞ യോശു തമ്പുരാന്റെ രുപം! അതു കാണാന്‍ തുടങ്ങിയതു മുതല്‍, അതേ, പതിമൂന്നാം വയസ്സില്‍ തുടങ്ങിയതാണാ മോഹം. ഒരു ശില്പിയാകുക. ചിത്രരചനയിലൂടെ കടന്നുവന്ന് ആ ആഗ്രഹം ഇപ്പോള്‍ സഫലമായിക്കൊണ്ടിരിക്കുന്നു. ഡോണാറ്റെല്ലോ ശില്പികളുടെ ശില്പിതന്നെ. ആദ്യം സ്വര്‍ണ്ണത്തിലാണ് ചെറിയ ശില്പങ്ങള്‍ രൂപപ്പെടുത്തിയത്. എങ്കിലും പിന്നീട് ചെമ്പിലും മാര്‍ബിളിലുമൊക്കെ കൊത്തി നവോത്ഥാനത്തെ മൂര്‍ദ്ധനൃത്തിലെത്തിച്ചതും അദ്ദേഹം തന്നെ.
ഫ്ളോറന്‍സില്‍ സാവോനാറോള എന്ന ഡൊമിനിക്കന്‍ സന്യാസി പാതിരിയുടെ മുന്നേറ്റം നവോത്ഥാനത്തിന് തടയിടുകയും നവോത്ഥാനത്തെ പൂര്‍ണ്ണമായും എടുത്തുമാറ്റുകയും ചെയ്യുമെന്ന് മൈക്കിള്‍ കരുതുന്നുണ്ടോ?
എന്തുചെയ്യാം, ഇപ്പോള്‍ അങ്ങനെയല്ലേ കണ്ടുവരുന്നത്? മാറ്റങ്ങള്‍ ഉണ്ടായേക്കാം. എങ്കില്‍ത്തന്നെ എത്രകാലം കഴിഞ്ഞ്. സഭയെ നിയന്ത്രിക്കുന്നത് പോപ്പുമാരാണല്ലോ. അലക്സാണ്ടര്‍ പോപ്പ് സ്ഥാനാരോഹണം ചെയ്തപ്പോള്‍ ജനത്തിന് അല്പം പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം ആറിത്തണുത്തിരിക്കുന്നു. ഇങ്ങനെ പോയാല്‍ വളരെ ശക്തമായി മെഡിസി പ്രഭുക്കള്‍ വളര്‍ത്തിയ നവോത്ഥാനത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
അതേപ്പറ്റി മൈക്കിള്‍ വ്യാകുലപ്പെടേണ്ടതില്ല. ജനങ്ങളെ മാറ്റിമറിക്കുന്നത് രാഷ്ട്രീയമാണ്. ഫ്ലോറന്‍സിലെ ജനങ്ങളെ ആത്മീയമായി ഉദ്ധരിക്കണമെന്നൊന്നും ചാള്‍സ് രാജാവിനോ, ഫ്രാന്‍സിനോ ഉണ്ടെന്നു തോന്നുന്നില്ല.
ഫ്രാന്‍സിനെ സാവോനാറോള സഹായിച്ചു എന്നതാണ് ഫ്ളോറന്‍സിന്റെ രാഷ്ട്രീയം. സന്യാസി പുരോഹിതന്റെ യാഥാസ്ഥിതിക,പ്രഭാഷണങ്ങള്‍ ബുദ്ധിയെ മരവിപ്പിക്കുന്നു. ജനങ്ങളെ വഴിതെറ്റിക്കുന്നു. ആ തന്ത്രം ഉപയോഗിച്ച് സാവോനാറോള വിശ്വാസികളെ, ഭിന്നിപ്പിച്ചും ഭീഷണിപ്പെടുത്തിയും ദൈവകോപം പറഞ്ഞും മുതലെടുക്കുന്നു. അധിക കാലങ്ങള്‍ ഈ തന്ത്രം വിലപ്പോകില്ല. മനുഷ്യര്‍ അറിവില്‍നിന്ന് അറിവിലേക്ക് ഉണര്‍ന്നുകൊണ്ടിരിക്കുകയാണ്. ആര്‍ക്കാണ് പരിഷ്ക്കാരങ്ങള്‍ വേണ്ടാത്തത്? ആര്‍ക്കാണ് പഴയ കാടന്‍ ജീവിതത്തിലേക്ക് മടങ്ങിപോകാനാഗ്രഹം!
ഞാനും അങ്ങനെതന്നെ ചിന്തിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, തണുത്തു പോയ നവോത്ഥാനവീര്യം വീണ്ടെടുക്കാന്‍ സമയമെടുക്കില്ലേ?
അങ്ങനെ ഞാന്‍ ചിന്തിക്കുന്നില്ല. ഇന്ന് ഹ്യുമാനിസ്റ്റുകള്‍ (മനുഷ്യ സ്നേഹികള്‍) വര്‍ദ്ധിച്ചുവരികയാണ്. സ്വതന്ത്ര ചിന്തകളുടെ കാലം. മനുഷ്യന്‍ ലൗകികവും ആത്മികവും ഒരേ അളവിലാവശ്യമെന്ന ബോധം ഏറിവരികയാണ്. പഴയ കാലങ്ങളില്‍ ചിത്രരചനയും ശില്പനിര്‍മ്മാണവും വിശുദ്ധന്മാരുടെയും ബൈബിള്‍പരമായും ഒതുങ്ങിനിന്നിരുന്നെങ്കില്‍ പില്‍ക്കാലങ്ങളില്‍ അതിനു മാറ്റമുണ്ടായില്ലേ? സാന്‍ട്രോ ബോട്ടിസിലി, ലിയനാര്‍ഡോ ഡാവന്‍ചി, ഡോണാറ്റോ ബ്രമാന്റേ ഇവരൊക്കെ ആദ്യകാല നവോത്ഥാന സിദ്ധാന്തത്തെ മാറ്റിമറിച്ചവരല്ലേ?
ചിത്രമെഴുത്തിനെയും ശില്പനിര്‍മ്മാണത്തെയും ജനകീയമാക്കി, അല്ലേ!
അതുതന്നെ. ആരംഭകാല നവോത്ഥാനം മറ്റൊന്നായിരുന്നില്ലേ, പാരമ്പര്യ യാഥാസ്ഥിതികതയ്ക്കപ്പുറത്തേക്ക് അന്നത്തെ കലാകാരന്മാര്‍ സഞ്ചരിച്ചതേയില്ല. നഗ്നത, സ്ത്രീ സൗന്ദര്യത്തിന്റെ തിളക്കം, പുരുഷതേജസ് തുടങ്ങിയവയുടെ പ്രദര്‍ശനം മാന്യമല്ലെന്നും അത് ആദ്ധ്യാത്മികതയെ മലിനപ്പെടുത്തുമെന്നും പരക്കെ ധാരണയുണ്ടായിരുന്ന കാലം. പിന്നീട് വന്ന ചിത്രകാരന്മാരും ശില്പികളും പുരാതന ഗ്രീക്കു മിത്തോളജിയിലെ ദേവന്മാര്‍ക്കും ദേവികള്‍ക്കും തങ്ങളുടെ സൃഷ്ടികളിലൂടെ രൂപവും ജീവനും കൊടുത്തില്ലേ? അവയില്‍ നഗ്നതയും സ്ത്രീപുരുഷ സൗന്ദര്യവും ഒക്കെ പ്രതിഫലിച്ചില്ലേ? അതുപോലെ തന്നെ ശാസ്ത്രസാങ്കേതികവിദൃകളിലും ഏറെ മാറ്റം വന്നിട്ടില്ലേ? ഉദാഹരണത്തിന് സൗരയൂഥത്തെപ്പറ്റിയുള്ള ധാരണ!
അത് ശാസ്ത്രം. അന്നത്രയേ വളര്‍ന്നിരുന്നുള്ളൂ എന്നതുകൊണ്ടല്ല!
അതുതന്നെയാണ് ഞാന്‍ പറഞ്ഞുവരുന്നത്. അറിവുകള്‍ വളരുകയാണ്. സ്വതന്ത്രചിന്ത ഹുമാനിസം വളര്‍ത്തുന്നു. പഴയ വിശ്വാസങ്ങളുടെയും മൂഢ സങ്കല്‍പ്പങ്ങളുടെയും ചങ്ങലകള്‍ പൊട്ടിച്ചുകൊണ്ട്. ഭൂമി ഉരുണ്ടതാണെന്ന അറിവില്‍ത്തന്നെ അതിന്റെ തുടക്കം. എത്രയെത്ര യാഥാസ്ഥിതികര്‍ അതിനെ എതിര്‍ത്തു. അപ്പോള്‍ അന്വേഷണങ്ങളിലൂടെ വിജ്ഞാനം വളര്‍ന്നു, വിജ്ഞാനത്തിനനുസരണം സാങ്കേതിക വിദ്യകള്‍ വളര്‍ന്നു. വാസ്തവത്തില്‍ ഇത് ശാസ്ത്ര മേഖലകളില്‍ വന്ന നവോത്ഥാനമല്ല!
തെല്ലിട അരിസ്റ്റോ നിര്‍ത്തി വീണ്ടും പറഞ്ഞുതുടങ്ങി;
ഭൂമിയെപ്പറ്റിയുള്ള ധാരണ പണ്ടുപണ്ട് പുരാതന ഗ്രീസില്‍ തുടങ്ങിയതല്ലേ! താലസ്സ് എന്ന ശാസ്ത്രജ്ഞന്‍ സമര്‍ത്ഥിച്ചതെന്താണ്? ഭൂമി പരന്നതും, കടലിനുമീതെ പൊങ്ങിക്കിടക്കുന്നതുമായ കരഭൂമിയെന്നല്ലേ. പിന്നീട് ഏറെ ക്കാലത്തിനുശേഷം പിത്താഗോറസ് ഉരുണ്ടതാണെന്നു സമര്‍ത്ഥിച്ചു. അദ്ദേഹത്തിനും തെറ്റുപറ്റി. സുര്യന്‍ ഭൂമിയെ ചുറ്റുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. പതിനഞ്ചാം നൂറ്റാണ്ടുവരെ അതങ്ങനെ സ്ഥിരീകരിക്കപ്പെടാതെ കിടന്നില്ലേ, ഭൂമി ഉരുണ്ടതെന്നോ, പരന്നതെന്നോ അറിയപ്പെടാതെ? പന്ത്രണ്ടാം നൂറ്റാണ്ടില്‍ ആദ്യ ലോകസഞ്ചാരിയായ മാര്‍ക്കോപോളോയുടെ കാലത്തെ വിശ്വാസം എന്തായിരുന്നു? വെനീസില്‍നിന്ന് ചൈന വരെ സഞ്ചരിച്ചപ്പോള്‍ ലോകം അവിടെ അവസാനിക്കുന്നു എന്നല്ലേ കരുതിയിരുന്നത്?
ആരും അതുവരെ പിത്താഗോറസിന്റെ കണ്ടുപിടുത്തത്തെ അംഗീകരിച്ചില്ല, അല്ലേ?
അംഗീകരിച്ചില്ല എന്നുമാത്രമല്ല, ആ നിഗമനത്തെ സഭാനേതൃത്വവും, രാജാക്കന്മാരും പുച്ഛിച്ചു തള്ളി! അതൊക്കെ കഴിഞ്ഞ് മൂന്നുറു കൊല്ലങ്ങള്‍ക്ക് ശേഷം പോളണ്ടുകാരനായ കോപ്പര്‍നിക്കസ്സാണ് ഭൂമി ഉരുണ്ടതെന്ന് വീണ്ടും ഉറച്ച് സമര്‍ത്ഥിച്ചത്. എന്നാല്‍ അദ്ദേഹം പിത്താഗോറസിനെ അലപം തിരുത്തി, സൂര്യനല്ല ഭൂമിയെ ചുറ്റുന്നതെന്നും, മറിച്ച് ഭൂമി സൂര്യനെ ചുറ്റുന്നു എന്നും അദ്ദേഹം സമര്‍ത്ഥിച്ചു. അക്കാലത്താണ് വഴിതെറ്റിയെങ്കിലും, കൊളംബസ് പടിഞ്ഞാറോട്ട് സഞ്ചരിച്ച്, അമേരിക്ക എന്ന പുതുഭൂഖണ്ഡം കണ്ടെത്തിയത്. അതുകൊണ്ട് പഴയ വിശ്വാസങ്ങള്‍ കാല്രകമേണ തിരുത്തപ്പെടും, അറിവുകളിലൂടെ, അന്വേഷണങ്ങളിലൂടെ!
പഴയ വിശ്വാസങ്ങളെ നിലനിര്‍ത്തുന്നത് മനഃപൂര്‍വ്വമാണെന്ന് അരിസ്റ്റോ കരുതുന്നുണ്ടോ?
ഒരുപക്ഷേ, അറിവില്ലായ്മ! അതിനെ അതിജീവിക്കണമെങ്കില്‍ പഴയ മാമൂലുകളില്‍നിന്ന് പൊട്ടിപ്പുറത്തുവരണം അല്ലേ?
ചിലപ്പോള്‍ മനഃപൂര്‍വ്വവും ആകാമെന്ന് ചിന്തിച്ചാല്‍ തെറ്റുണ്ടോ?
അങ്ങനെയും ചില കാലങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ആര്‍ക്ക് പറയാനാകും! ചില കാലങ്ങളില്‍ ഫ്യൂഡലിസം നിലനിര്‍ത്താന്‍വേണ്ടി അത്തരം ശ്രമങ്ങളൊക്കെ നടന്നിരിക്കാം. അധികാരവും സമ്പത്തുമാണല്ലോ എല്ലാറ്റിന്റെയും മൂലക്കല്ല്! എന്നിരുന്നാലും അച്ചടി യന്ത്രത്തിന്റെ കണ്ടുപിടുത്തം യൂറോപ്പിലാകമാനം വ്യതിയാനങ്ങള്‍ സൃഷ്ടിക്കും. അറിവാണ് മനുഷ്യനെ പരിഷ്കൃതനാക്കുന്നത്. അതുകൊണ്ട് നവോത്ഥാനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. പുതിയ പുതിയ അറിവുകളുടെ ഉണര്‍വ്വില്‍!
(തുടരും…)