ന്യൂഡൽഹി: തിങ്കളാഴ്ച കാലാവധി തീരുന്ന ഓർഡിനൻസുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടില്ല. അതിലെ വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാൻ സമയം വേണമെന്നും ഗവർണർ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരൊട് സംസാരിക്കവേ ആണ് അദ്ദേഹം ഇത് പറഞ്ഞത്.
ഓർഡിനൻസുകളില്‍ ഒപ്പിടാന്‍ ഒരുമിച്ച് തരുമ്പോള്‍ അതിലെ ഉള്ളടക്കം പഠിക്കാനും സമയം തരണം. അല്ലാതെ എല്ലാം കൂടി ഒരുമിച്ച് തന്ന് ഉടനെ ഒപ്പിടണമെന്ന് പറഞ്ഞാല്‍ അത് സാധിക്കുകയില്ല. പഠിക്കാൻ സമയമെടുക്കും. കൃത്യമായ വിശദീകരണവും ആവശ്യമാണ്. ഓർഡിനൻസ് ഭരണം അഭികാമ്യമല്ല. അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് നിയമസഭയെന്നും ഗവർണർ ചോദിച്ചു.
ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കിയിറക്കാന്‍ കഴിഞ്ഞ മന്ത്രിസഭ തീരുമാനിച്ചതിന്റെ വിവരങ്ങളടങ്ങിയ ഫയല്‍ ഗവര്‍ണ്ണറുടെ അനുമതിയ്ക്കായി രാജ്ഭവനില്‍ എത്തിച്ചിരുന്നു. ഇതിനോടായിരുന്നു ഗവര്‍ണ്ണറുടെ പ്രതികരണം. ചീഫ് സ്രെകട്ടറി ഗവര്‍ണറെ നേരിട്ട് കണ്ട് ഓര്‍ഡിനസുകളില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോകായുക്ത നിയമ ഭേദഗതിയില്‍ അനുമതി നേടലായിരുന്നു സര്‍ക്കാരിന് പ്രധാനപ്പെട്ടത്. ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ പഴയ ലോകായുക്ത നിയമം തന്നെ പ്രാബല്യത്തില്‍ തുടരും.
കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയ്ക്കുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരിനെ മറികടന്ന് വിസി നിയമനത്തില്‍ സേര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചാണ് ഇതിന് ഗവര്‍ണര്‍ മറുപടി നല്‍കിയത്. ഇതിനു പിന്നാലെയാണ് ഓര്‍ഡിനന്‍സുകള്‍ പുതുക്കി ഇറക്കുന്നതില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോയത്. ഓഗസ്റ്റ് 11-നാണ് ഇനി ഗവര്‍ണര്‍ തിരിച്ചെത്തുക.