ചിക്കാഗോ: പ്രശസ്ത കർണാടിക് സംഗീത വിദഗ്ധൻ റവ.ഡോ. പോൾ പൂവത്തിങ്കലിന്റെ നേത്യുത്വത്തിൽ തൃശ്ശൂരിൽ ആരംഭിക്കുന്ന ഗാനശ്രമത്തിന്റെ ധനശേഖരണാർത്ഥം ബെൽവുഡ് മാർത്തോമാശ്ലീഹാ കത്തീഡ്രൽ ആഡിറ്റോറിയത്തിൽ ‘സംഗീതസായാഹ്നം’ എന്ന പരിപാടി ഞായറാഴ്ച സംഘടിക്കപ്പെട്ടു. ചിക്കാഗോ രൂപതയുടെ നിയുക്ത ബിഷപ്പ് അഭിവന്ദ്യ മാർ ജോയ് ആലപ്പാട്ട് ഉത്ഘാടനം നിർവ്വഹിച്ചു.
സംഗീതം മനുഷ്യമനസ്സുകൾക്ക് നൽകുന്നത് അവാച്യമായ ആനന്ദവും ദൈവീകമായ അനുഭൂതിയും ആണെന്ന് അഭിവന്ദ്യപിതാവ് അഭിപ്രായപ്പെട്ടു. അതിനാൽ സംഗീതസായാന്ഹങ്ങൾ പോലെ മനസ്സിന് ആനന്ദവും സൗഖ്യവും പകരുന്ന പരിപാടികൾ പതിവായി സംഘടിപ്പിക്കുന്നത് പ്രോത്സാഹജനകമാണ്. ബ്രിജിത് ജോർജ്ജ് ആലപിച്ച പ്രാർഥനാഗാനത്തോടെ ആരംഭിച്ച സംഗീതപരിപാടിയിൽ കൺവീനർ മാത്തുക്കുട്ടി ആലുംപറമ്പിൽ സ്വാഗതവും ഗ്രേസി വാച്ചാച്ചിറ നന്ദിയും പറഞ്ഞു. വിവിധ ഭാഷകളിൽ പഴയതും പുതിയതുമായ ചലച്ചിത്ര- ഭക്തിഗാനങ്ങൾ ഉൾപ്പടെ നിരവധി ശ്രുതിസാന്ദ്രമായ ഗാനങ്ങൾ ഫാ പോളും മറ്റു സംഗീതപ്രതിഭകളും ആലപിച്ചു.
അഭിവന്ദ്യപിതാവ് രചിച്ചു യേശുദാസ് ആലപിച്ച “കാനായിലെ കല്യാണ നാളിൽ …” , “ബോബി” എന്ന ഹിന്ദി സിനിമയിലെ “മേം ഷായർ തോ നഹീ…” എന്നീ ഗാനങ്ങൾ ഫാ പോൾ ആലപിച്ചത് സദസിനെ ആനന്ദഭരിതമാക്കി.
1980- ‘90 കളിലെ നിത്യഹരിതഗാനങ്ങൾ ആലപിച്ചുകൊണ്ട് സംഗീത സായാഹ്നത്തെ വ്യത്യസ്തമാക്കിയ തോമസ് ഡിക്രൂസ്, ശോഭ ജിബി, ക്രിസ്റ്റിന ജെറിൻ, സിബി, മിനി എന്നിവർക്കും ജെബി സൗണ്ട്സിനും ഫാ പോൾ നന്ദി പറഞ്ഞു. ആൻസി ലൂക്കോസ് എം സി ആയിരുന്നു. ഗാനാശ്രമത്തിന്റ വിവിധപ്രവർത്തങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ഡോക്യൂമെന്ററിയും പ്രദർശിക്കപ്പെട്ടു.
ടോമി നെല്ലാമറ്റം, സണ്ണി മുത്തോലത്, ബെഞ്ചമിൻ തോമസ്, മാത്യൂസ് എബ്രഹാം, ലുക്കാ ഇടമന എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ചിക്കാഗോയിലെയും മിൽവാക്കിയിലെയും ഗായകരും സംഗീതപ്രേമികളും പങ്കെടുത്തു. ചിക്കാഗോയിലെയും സമീപ സ്റ്റേറ്റുകളിലുമുള്ള ഗായകരെയും സംഗീത പ്രേമികളെയും ഉൾപ്പെടുത്തി ഒരു സംഗീത ക്ളബ് രൂപീകരിക്കുന്നതിനുള്ള പ്രാഥമിക കർമ്മപരിപാടികൾ ഉടൻ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ: 773 620 2484, 224 305 3789.