ഇടുക്കി: വണ്ടിപ്പെരിയാറില്‍ വെള്ളിയാഴ്ച പുലർച്ചെ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയെ കണ്ടെത്താനായില്ല. അതേത്തുടർന്ന് രക്ഷാപ്രവർത്തകർ തിരച്ചിൽ അവസാനിപ്പിച്ചു. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ വിഭാഗങ്ങൾ സംയുക്തമായി രണ്ട് സംഘങ്ങളായി തിരിഞ്ഞ് നാല് ദിവസമായി തിരച്ചിൽ ആരംഭിച്ചിട്ട്.
ഞായറാഴ്ച രാവിലെ മുതൽ നടത്തിയ തെരച്ചിലിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ കുട്ടിയുടെ കുടുംബവുമായി ചർച്ച നടത്തി, അധികൃതരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പീരുമേട് തഹസിൽദാർ വിജയലാൽ കെ.എസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് ഗ്രാമ്പി സ്വദേശിയായ കുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. പിതാവ് മാധവനും അമ്മ ഷൈലയ്ക്കുമൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. കനത്ത മഴയിൽ കവിഞ്ഞൊഴുകുന്ന നദി മുറിച്ചുകടക്കുന്നതിനിടെയാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്.