കാസര്‍ഗോഡ്: 1930-ൽ പയ്യന്നൂർ ഉളിയത്ത് കടവിൽ നടന്ന ഉപ്പു സത്യഗ്രഹത്തിൽ ടി.എസ്. തിരുമുമ്പ്, ഹരീശ്വരൻ തിരുമുമ്പ്, കെ.മാധവൻ എന്നിവർ പങ്കെടുത്ത ഉപ്പ് നിയമത്തിനെതിരായ സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേളപ്പനും, പി. കൃഷ്ണപിള്ളയും കാസർകോട് എത്തി. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് സമരക്കാർക്കൊപ്പം നേതാക്കൾ മാർച്ച് നടത്തി പരസ്യമായി ഉപ്പ് വിൽപന നടത്തുകയും ചെയ്തു.
വിവരമറിഞ്ഞ പൊലീസ് റെയിൽവേ സ്റ്റേഷനിൽ കേളപ്പനെയും ഉപ്പുവാങ്ങിയ സി.എം കുഞ്ഞിരാമൻ നമ്പ്യാരെയും ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്തു. പിന്നീട് വലിയ പ്രതിഷേധം ഉയർന്നപ്പോൾ ഇവരെ വിട്ടയച്ചു. തൃക്കരിപ്പൂരിലെ ആവേശം കേരളമാകെ പടർന്നു.
തൃക്കരിപ്പൂരിൽ പുതിയ റെയിൽവേ സ്റ്റേഷൻ വന്നെങ്കിലും സ്വാതന്ത്ര്യ സമര വേദിയായിരുന്ന പഴയ കെട്ടിടം പൊളിക്കാതെ സംരക്ഷിക്കാൻ റെയിൽവേ ഒരുങ്ങി. 1916 ലാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. പുതിയ കെട്ടിടം പണിതപ്പോൾ ഈ പഴയ കെട്ടിടം റെയിൽവേ ജീവനക്കാർക്ക് വിശ്രമമുറിയായി ഇപ്പോഴും ഉപയോഗിക്കുന്നു.