കൊല്ലം: വീട്ടില്‍ വ്യാജ മദ്യം വിറ്റതിന് കൊല്ലം ശൂരനാട് നോർത്ത് വില്ലേജിലെ ‘സുന്ദരി ബാർ’ എക്സൈസ് സംഘം അടച്ചുപൂട്ടിച്ചു. നിരവധി അബ്കാരി കേസുകളിൽ പ്രതിയായ ഇടപ്പനയം മുറിയില്‍ ജനാർദ്ദനന്റെ ഭാര്യ സിന്ധു എന്ന ബിന്ദു ജനാർദ്ദനനും മക്കളുമാണ് ഇടപ്പനയത്ത് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. സിന്ധു വീട്ടിൽ “സുന്ദരി ബാർ” എന്ന സമാന്തര ബാർ നടത്തിയിരുന്നു. സംഭവത്തിൽ മകൾ അമ്മുവും മകൻ അപ്പുവും ഉൾപ്പെടെ മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു.
ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ശൂരനാട് നോർത്ത് വില്ലേജിൽ എക്‌സൈസ് പരിശോധന നടത്തിയത്. റെയ്ഡില്‍ ഇവരുടെ വീട്ടിൽ നിന്ന് പത്ത് ലിറ്റർ ചാരായം എക്സൈസ് സംഘം പിടികൂടി. വീട്ടിലെത്തിയ വനിതാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും വാഹനത്തിന് കേടുപാടുകള്‍ വരുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സിന്ധുവിന്റെ മകൾ അമ്മുവിന്റെ രാഷ്ട്രീയ പിന്തുണയുടെ മറവിലാണ് മദ്യക്കച്ചവടം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവം മുൻപും ഉണ്ടായിരുന്നു. ഇതോടെ വീടും പരിസരവും എക്സൈസിന്‍റെ നിരീക്ഷണത്തില്‍ ആയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും ശൂരനാട് പൊലീസും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് കമ്മിഷണർ ബി.സുരേഷ് കുമാർ പറഞ്ഞു.
പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരായ ബി. വിഷ്ണു, മനോജ് ലാൽ, ശ്രീനാഥ്, അജിത് ജൂലിയാൻ, ഗംഗ, ജാസ്മിൻ, ശശി, നിഷാദ് തുടങ്ങിയവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.