ന്യൂജേഴ്സി: ഓഗസ്റ്റ് 5-ന് ന്യൂജേഴ്സി ഫോർഡ്സിലെ റോയൽ ആൽബർട്ട്സ് പാലസിൽ നടന്ന വര്‍ണ്ണാഭമായ മത്സരത്തിൽ വിർജീനിയയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ ആര്യ വാൽവേക്കർ മിസ് ഇന്ത്യ യുഎസ്എ 2022 കിരീടം ചൂടി. വിർജീനിയ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ പ്രീമെഡിക്കൽ വിദ്യാർത്ഥിനി സൗമ്യ ശർമ്മ ഒന്നാം റണ്ണറപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂജേഴ്സിയിലെ സഞ്ജന ചേക്കൂരി സെക്കൻഡ് റണ്ണറപ്പായി.
വാഷിംഗ്ടണിൽ നിന്നുള്ള അക്ഷി ജെയിൻ മിസിസ് ഇന്ത്യ യുഎസ്എയും, ന്യൂയോർക്കില്‍ നിന്നുള്ള തൻവി ഗ്രോവർ മിസ് ടീൻ ഇന്ത്യ യു എസ് എയും ആയി തിരഞ്ഞെടുക്കപ്പെട്ടു. വേൾഡ് വൈഡ് പേജന്റ്സിന്റെ ബാനറിൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള ധർമ്മാത്മയും നീലം ശരണും ചേർന്നാണ് ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ കാലം നടന്ന ഈ ഇന്ത്യൻ മത്സരം ആരംഭിച്ചത്.
30 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 74 മത്സരാർത്ഥികൾ മൂന്ന് വ്യത്യസ്ത മത്സരങ്ങളിൽ പങ്കെടുത്തു. മൂന്ന് വിഭാഗങ്ങളിലെയും വിജയികൾക്ക് ലോകമെമ്പാടുമുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് അടുത്ത വർഷം ആദ്യം മുംബൈയിലേക്ക് കോംപ്ലിമെന്ററി ടിക്കറ്റുകൾ ലഭിക്കും.
അഭിനേത്രിയായ ആര്യ വാൽവേക്കർ (18), വിർജീനിയയിലെ ബ്രയർ വുഡ്സ് ഹൈസ്കൂളിലെ സീനിയർ ആണ്. സ്കൂളിന്റെ TEDx ടോക്ക്സ് ടീമിലെ അംഗമാണ്.
ആര്യ സ്കൂളിലും കമ്മ്യൂണിറ്റി തിയേറ്ററിലും പങ്കെടുക്കുകയും പ്രാദേശിക കുട്ടികളുടെ നാടകങ്ങളുടെ സംവിധായികയായി സന്നദ്ധസേവനം ചെയ്യുകയും ചെയ്യുന്നു. പ്രാദേശിക കുട്ടികൾക്ക് താങ്ങാനാവുന്ന നൃത്ത പാഠങ്ങൾ നൽകുന്ന സ്ഥാപനമായ യൂഫോറിയ ഡാൻസ് സ്റ്റുഡിയോയുടെ സ്ഥാപകയാണ് ആര്യ. കൂടാതെ, യോഗയില്‍ തല്പരയായ ആര്യ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പാചകം ചെയ്യാനും, ഇളയ സഹോദരിയോടൊപ്പം സമയം ചെലവഴിക്കാനും സമയം കണ്ടെത്തുന്നു.
“ഞാൻ അനുഭവിക്കുന്ന വികാരങ്ങൾ വിവരണാതീതമാണ്. ഇത്രയും സന്തോഷം എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടില്ല. ഈ ടൈറ്റില്‍ വെറുമൊരു കിരീടമല്ല, അതൊരു കടമയാണ്, ഉത്തരവാദിത്തമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. സ്നേഹവും പോസിറ്റിവിറ്റിയും അവബോധവും പ്രചരിപ്പിക്കുന്നതിന് ഈ അത്ഭുതകരമായ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു,” ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഓഗസ്റ്റ് 5 ന് നടന്ന മത്സരത്തിൽ ഗായിക ഷിബാനി കശ്യപും പങ്കെടുത്തു. ഓഗസ്റ്റ് 7 ന് ന്യൂയോർക്കിലെ ഹിക്സ്വില്ലിൽ നടന്ന 11-ാമത് വാർഷിക ഇന്ത്യാ ദിന പരേഡിലെ വിശിഷ്ടാതിഥി കൂടിയായിരുന്നു അവര്‍. കൂടാതെ, മിസ് ഇന്ത്യ വേൾഡ് വൈഡ് 2022 ഖുഷി പട്ടേൽ, മിസിസ് ഇന്ത്യ വേൾഡ് വൈഡ് 2022 സ്വാതി വിമൽ എന്നിവരും പങ്കെടുത്തു.