തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകളിൽ ഒപ്പിടാതെ നിലപാടെടുത്തതില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന്റെ നീക്കം. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ഓർഡിനൻസുകളിൽ നിയമനിർമ്മാണം നടത്താനാണ് സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചത്.
10 ദിവസത്തെ സമ്മേളനമാണ് നിയമ നിര്‍മാണത്തിനായി തീരുമാനിച്ചിരിക്കുന്നത്. ഗവര്‍ണറുടെ അംഗീകാരത്തോടെയാകും നിയമസഭ സമ്മേളനം വിളിക്കുക. സമ്മേളനം വിളിക്കുന്നതിന് 14 ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്നാണ് ചട്ടം.
സ്‌പീക്കറോട് കൂടി ആലോചിച്ച ശേഷമാകും തീയതി തീരുമാനിക്കുക. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പരസ്യമായി വ്യക്തമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിയമ നിര്‍മാണം എന്ന തീരുമാനത്തിലെത്തിയത്. ഓര്‍ഡിനന്‍സുകളില്‍ നിയമനിര്‍മാണം നടത്താതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.
കൂടുതൽ തർക്കങ്ങളിലേക്ക് നീങ്ങാതെ വിഷയം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒക്ടോബറിൽ നിയമസഭാ സമ്മേളനം വിളിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് നിയമനിർമാണത്തിന് മാത്രമായി ഈ മാസം അവസാനം പ്രത്യേക സമ്മേളനം ചേരും.