വയോധികയെ കൊലപ്പെടുത്തിയത് മോഷണം നടത്താന്‍: പോലീസ്

തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയത് മോഷണം നടത്താനാണെന്ന് പോലീസിന്റെ നിഗമനം. വയോധിക മനോരമ ആറ് പവനോളം വരുന്ന ആഭരണങ്ങള്‍ ധരിച്ചിരുന്നതായും അത് കാണാതായതായിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ പറഞ്ഞു.

പശ്ചിമ ബംഗാളിലെ കച്ച് ബിഹാർ സ്വദേശിയായ ആദം അലി (21) ഒന്നര മാസം മുൻപാണ് സുഹൃത്തിന്റെ സഹായത്തോടെ നിർമാണ ജോലികൾക്കായി കേശവദാസപുരത്തെത്തിയത്. കൊല്ലപ്പെട്ട മനോരമയുടെ വീട്ടിൽ വെള്ളം കുടിക്കാൻ പോകുന്ന പതിവുണ്ടായിരുന്നു. പരിചയമുള്ള ആളായതിനാൽ ഇയ്യാള്‍ക്ക് വീട്ടിൽ കയറാൻ സാധിച്ചു. മോഷണത്തിന് വേണ്ടിയാണ് പ്രതി കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

കൊലപാതകത്തിന് ശേഷം പശ്ചിമ ബംഗാളിലേക്ക് കടന്ന് ഒളിവിൽ പോവുകയായിരുന്നു ലക്ഷ്യം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്ന് ഇയാള്‍ തമ്പാനൂര്‍ റെയിൽവേ സ്‌റ്റേഷനിൽ എത്തിയതായും ചെന്നൈ എക്‌സ്പ്രസിൽ കയറിയതായും വിവരം ലഭിച്ചത് അന്വേഷണത്തിന് സഹായകമായി എന്ന് പോലീസ് പറഞ്ഞു.

പ്രതിയുടെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ചും കൊലപാതകത്തിൽ മാറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം വിശദമായി പൊലീസ് അന്വേഷിക്കും. ആദം അലിയെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഓൺലൈൻ വീഡിയോ ഗെയിമുകൾക്കും ലഹരിക്കും അടിമയാണ് ഇയാളെന്നും കമ്മീഷണര്‍ പറഞ്ഞു.

തുടർച്ചയായ കൊലപാതകങ്ങളെ തുടർന്ന് തലസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

ചെന്നൈയിൽ നിന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് ആദം അലിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ചെന്നൈയിൽ വെച്ച് തമിഴ്‌നാട് പോലീസ് പിടികൂടിയ ഇയാളെ മെഡിക്കൽ കോളേജ് സിഐ ഹരിലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സൈദാർപേട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം ട്രാൻസിറ്റ് വാറണ്ട് നേടിയാണ് പോലീസ് ഇയാളുമായി തിരുവനന്തപുരത്തെത്തിയത്.

 

Print Friendly, PDF & Email

Leave a Comment

More News