ഈ വേനൽക്കാലത്ത് കുടുംബസമേതം പരീക്ഷിച്ചുനോക്കാവുന്ന ഷാർജയിലെ ആറ് വിനോദ വിശേഷങ്ങൾ

വേനൽച്ചൂട് കടുത്തതോടെ യാത്രകളും പുറമെയുള്ള വിനോദങ്ങളുമെല്ലാം മാറ്റിവച്ചിരിക്കുകയാണ് ഒട്ടുമിക്ക പേരും. കുട്ടികളടക്കമുള്ളവർ കൂടുതൽ സമയം മൊബൈൽ-ടിവി സ്ക്രീനുകൾക്ക് മുൻപിലാണെന്ന പരാതിയും ഏറിത്തുടങ്ങി. എന്നാൽ വേനൽക്കാലത്തെ പേടിച്ച് വിനോദങ്ങൾ മാറ്റിവയ്ക്കേണ്ടതില്ലെന്ന് പറയുകയാണ് ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. കുട്ടികൾക്കായുള്ള ശിൽപ്പശാലകളും വിനോദപരിപാടികളും പ്രത്യേക ഓഫറുകളുമടക്കം നിരവധി വിശേഷങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

1 – അൽ മുൻതസ പാർക്കിലെ ജലകേളികൾ – മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നിരവധി റൈഡുകളും വിനോദങ്ങളുമടങ്ങുന്ന തീം പാർക്കാണ് അൽ മുൻതസ. വേനൽക്കാലത്ത് കുട്ടികൾക്കായി പ്രത്യേക ഫോം സെഷനുകളും ശിൽപ്പശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ചകളിൽ -ലേഡീസ് ഡേ-യായി ആചരിച്ച്, സ്ത്രീകൾക്ക് മാത്രം പ്രവേശനമനുവദിക്കുന്ന പാർക്കിൽ, അന്നേ ദിവസം പ്രത്യേക സം​ഗീതപരിപാടികളും ഡിജെയും ഒരുക്കുന്നുണ്ട്. വേനൽക്കാലത്തിന് അവസാനം കുറിക്കുന്ന സെപ്റ്റംബർ വരെ ഈ പ്രത്യേകപരിപാടികളുണ്ടാവും.

2- ശിലായു​ഗക്കാഴ്ചകളിലേക്ക് വെളിച്ചം വീശുന്ന മെലീഹ- അറിവും വിനോദവും ഒരുപോലെ സമ്മേളിപ്പിക്കുന്ന പ്രത്യേക ശിൽപ്പശാലകളാണ് മെലീഹ ആർക്കിയോളജി സെന്ററിലെ വിശേഷങ്ങളിലൊന്ന്. പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ചും നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്നവർ ഉപയോ​ഗിച്ചിരുന്ന ആയുധങ്ങളെക്കുറിച്ചുമെല്ലാം മനസ്സിലാക്കാവുന്ന സെഷനുകൾ ഇതിന്റെ ഭാ​ഗമായുണ്ട്. ചരിത്രശേഷിപ്പുകൾ പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയവും സന്ദർശിക്കാം.

3- അൽ മജാസ് വാട്ടർഫ്രണ്ടിലെ സ്പ്ലാഷ് പാർക്ക് – വേനൽക്കാല വൈകുന്നേരങ്ങളിൽ കുട്ടികളുമായി പുറത്തിറങ്ങാൻ പറ്റിയ ഇടമാണ് അൽ മജാസ് വാട്ടർഫ്രണ്ട്. പല നാടുകളിലെ രുചികളൊരുക്കുന്ന റസ്റ്ററന്റുകളും ഖാലിദ് ല​ഗൂണിന്റെ മനോഹരകാഴ്ചയും മാത്രമല്ല, ധാരാളം വിനോദങ്ങളും ഇവിടെയുണ്ട്. വെള്ളം ചിതറിത്തെറിക്കുന്ന മിനി സ്പ്ലാഷ് പാർക്കും തടാകത്തിലൂടെയുള്ള കയാക്കിങ്ങും ബോട്ട് സവാരിയുമെല്ലാം സഞ്ചാരികളെ കാത്തിരിക്കുന്നു.

4- പ്രകൃതിയെ അറിഞ്ഞുനടക്കാം, അൽ നൂർ ദ്വീപിലൂടെ – ന​ഗരമധ്യത്തിൽ നിലകൊള്ളുമ്പോഴും നിശബ്ദമായൊരു കൊച്ചുകാടിന്റെ പ്രതീതി പകരുന്നയിടമാണ് അൽ നൂർ ദ്വീപ്. തിരക്കും ബഹളവും മാത്രമല്ല, വേനൽച്ചൂടും ഈ ദ്വീപിലേക്ക് അധികം കടന്നുകയറാറില്ല. പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന നടവഴികളും ശിൽപ്പങ്ങളും അസ്തമയക്കാഴ്ച കണ്ടിരിക്കാൻ പാകത്തിലുള്ള ഊഞ്ഞാലുമെല്ലാം ഇവിടത്തെ വിശേഷങ്ങളാണ്. അഞ്ഞൂറിലധികം ചിത്രശലഭങ്ങളുള്ള ബട്ടർഫ്ലൈ ഹൗസാണ് മറ്റൊരു വിശേഷം. വേനൽക്കാലം പ്രമാണിച്ച് ടിക്കറ്റ് നിരക്കിൽ ഇപ്പോൾ ഇളവുകളുമുണ്ട്.

5- അൽ ഖസ്ബയിലെ സർ​​ഗാത്മക ശിൽപ്പശാലകൾ – വിജ്ഞാനവും വിനോദവും സമ്മേളിക്കുന്ന നിരവധി ശിൽപ്പശാലകളാണ് ‘സൺസേഷനൽ’ സമ്മർ ക്യാംപിന്റെ കുട്ടികൾക്കായി അൽ ഖസ്ബ വിനോദകേന്ദ്രത്തിന്റെ കീഴിൽ ഒരുക്കിയിരിക്കുന്നത്. രുചികേന്ദ്രങ്ങളും ബോട്ട് സവാരിയും കുട്ടികൾക്കായുള്ള ഫൺ ഹൗസുമുള്ള ഖസ്ബയിൽ, കലാപ്രദർശനങ്ങൾ നടക്കുന്ന മരായാ ആർട് സെന്ററുമുണ്ട്. സൗജന്യപ്രവേശനമുള്ള ഈ കലാകേന്ദ്രത്തിൽ പ്രശസ്തകലാകാരന്മാരുടെ സൃഷ്ടികൾ നേരിട്ടാസ്വദിക്കാം.

6- കടൽക്കാഴ്ചകളും അറിവുകളും സമ്മേളിക്കുന്ന ഖോർഫക്കാൻ തീരം – കടലിനെക്കുറിച്ചുള്ള കൂടുതൽ അറിവ് പകരുന്ന ശിൽപ്പശാലകളാണ് ഖോർഫക്കാൻ ബീച്ച് തീരത്ത് ഈ വേനൽക്കാലത്ത് കുട്ടികളെ കാത്തിരിക്കുന്നത്. മുതിർന്നവർക്കായി കയാക്കിങ്, പാഡൽ തുടങ്ങിയ വിശേഷങ്ങളുമുണ്ട്. യുഎഇയിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നാണ് ഖോർഫക്കാൻ.

ബുക്കിങ്ങുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി www.discovershurooq.ae എന്ന വെബ്സൈറ്റ്, അതത് വിനോദകേന്ദ്രങ്ങളുടെ സാമൂഹികമാധ്യമ പേജുകൾ എന്നിവ സന്ദർശിക്കാം.

Print Friendly, PDF & Email

Leave a Comment

More News