വയനാട്: പെരിക്കല്ലൂർ പട്ടാണിക്കൂപ്പ് സ്വദേശിയായ വീട്ടമ്മയ്ക്ക് കഴിഞ്ഞ ദിവസം ഒരു കത്ത് വന്നു. കത്ത് അയച്ചയാളുടെ പേരോ മേല്‍വിലാസമോ കവറിനു പുറത്ത് കാണാതായപ്പോള്‍ വീട്ടമ്മയ്ക്ക് സംശയം തോന്നി. ക്രിസ്മസിന് മക്കള്‍ അയക്കുന്ന കാർഡുകളല്ലാതെ മറ്റൊന്നും മെയിലിൽ വരാറില്ല.
എന്നാല്‍, കവര്‍ തുറന്നപ്പോള്‍ വീട്ടമ്മ ശരിക്കും ഞെട്ടി. അതില്‍ കത്ത് മാത്രമല്ല രണ്ടായിരം രൂപയുമുണ്ടായിരുന്നു! കത്തിലെ ഉള്ളടക്കം ഇങ്ങനെ: “പ്രിയ മേരി ചേടത്തീ, ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നു. ഇന്ന് അതിന്‍റെ വില ഏതാണ്ട് 2,000 രൂപ വരും. പൈസ ഞാന്‍ ഇതോടൊപ്പം അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം. എന്ന് അന്നത്തെ കുറ്റവാളി…”
നല്ലവനായ കള്ളനോട് മാപ്പ് പറഞ്ഞെന്ന് നേരിട്ട് പറയാൻ കഴിയാതെ വിഷമിക്കുന്നതായി വീട്ടമ്മ പറഞ്ഞു. കത്തിന് താഴെ പേരില്ലെങ്കിലും ഒപ്പുണ്ട്.
പത്തു വർഷം മുമ്പ് (2012 ജൂലൈ 21 ന്) ഭര്‍ത്താവ് മരിച്ചതാണ്. അതിനാൽ ആരാണ് കത്ത് അയച്ചതെന്ന് കണ്ടെത്താനും സാധ്യമല്ല. എന്തായാലും കള്ളന്റെ നന്മ മറ്റ് കള്ളന്മാർക്കും ഒരു പ്രചോദനമാകട്ടേ എന്നാണ് വീട്ടമ്മയുടെ പ്രാര്‍ത്ഥന.