കൊച്ചി: ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്താതെ വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് വ്യാപിപ്പിക്കുന്ന ഏതൊരു സര്‍ക്കാര്‍ ഉത്തരവും ക്രമേണ കര്‍ഷകഭൂമി വനഭൂമിയായി മാറ്റുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍.
ജനവാസമേഖല ഒഴിവാക്കിയെന്ന മുടന്തന്‍ ന്യായം മുഖവിലയ്‌ക്കെടുക്കാനാവില്ല. യാതൊരു നഷ്ടപരിഹാരവുമില്ലാതെ കര്‍ഷകഭൂമി കൈയേറുന്ന തന്ത്രമാണ് വനംവകുപ്പിനെ മുന്നില്‍നിര്‍ത്തി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ബഫര്‍സോണിലേയ്ക്ക് വന്യമൃഗങ്ങള്‍ നിയന്ത്രണമില്ലാതെയിറങ്ങുമ്പോള്‍ കര്‍ഷകര്‍ ഭൂമിയുപേക്ഷിച്ച് പാലായനം ചെയ്യും. സ്വാഭാവികമായും ഈ പ്രദേശങ്ങള്‍ വനമായി മാറും.
പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമായി മാത്രമേ സംസ്ഥാന സര്‍ക്കാരിന്റെ ഓഗസ്റ്റ് 10 ന് ഇറക്കിയ ഉത്തരവിനെ കാണാനാവൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ ഉത്തരവ്. ബഫര്‍സോണ്‍ ഒരു കിലോമീറ്ററായി നിജപ്പെടുത്തി വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് വ്യാപിപ്പിച്ച് അന്തിമവിജ്ഞാപനമിറക്കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് ഈ ഉത്തരവിലൂടെ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെടുന്നു. അന്തിമവിജ്ഞാപനത്തിനായി കേന്ദ്രസര്‍ക്കാരില്‍ മുന്‍കാലങ്ങളില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ദുരൂഹത നിറഞ്ഞതാണ്. നിലവിലുള്ള നിയമമാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടതല്ല. എല്ലാ ഉത്തരവാദിത്വങ്ങളും വനംവകുപ്പിനെ പുതിയ ഉത്തരവിലൂടെ ഏല്പിച്ചിരിക്കുമ്പോള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് ജീവിക്കുന്ന ഭൂവുടമകള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതാനാവില്ലെന്നും വി സി സെബാസ്റ്റിയന്‍ പറഞ്ഞു.