പെന്‍സില്‍വാനിയ : മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം യു.എസ്. കോണ്‍ഗ്രസ് അംഗവും, ട്രംപിന്റെ ശക്തനായ അനുയായിയുമായ പെന്‍സില്‍വാനിയ റിപ്പബ്ലിക്കന്‍ നേതാവ് സ്കോട്ട് പെറിയുടെ സെല്‍ഫോണും എഫ്.ബി.ഐ. യാതൊരു മുന്നറിയിപ്പും കൂടാതെ പിടിച്ചെടുത്തതായി ആരോപണം.
ആഗസ്റ്റ് 9 ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളുമായി യാത്രയ്ക്കൊരുങ്ങവെ മൂന്ന് എഫ്.ബി.ഐ. ഏജന്റുമാര്‍ തന്നെ സമീപിച്ച് തന്റെ സെല്‍ഫോണ്‍ പിടിച്ചെടുത്തതായി സ്കോട്ടിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എഫ്.ബി.ഐക്ക് എന്റെ ഫോണ്‍ ആവശ്യമായിരുന്നുവെങ്കില്‍ തന്റെ അറ്റോര്‍ണിയുമായി ബന്ധപ്പെട്ട് അതിനുള്ള സൗകര്യം താന്‍ തന്നെ ഒരുക്കികൊടുക്കുമായിരുന്നെന്നും പെറി പറഞ്ഞു.
പെറിയുടെ അറ്റോര്‍ണിയും ട്രംപിന്റെ ലീഗല്‍ ടീം അംഗവുമായ ജോണ്‍ റോലി ഇതിനെകുറിച്ചു പ്രസ്താവന നടത്തുന്നതിന് വിസമ്മതിച്ചു.
2020 തിരഞ്ഞെടുപ്പു അട്ടിമറിക്കുന്നതിന് ട്രംപ് നടത്തിയ നീക്കങ്ങളില്‍ സുപ്രധാന പങ്കുവഹിച്ച സ്കോട്ട് പെറിയെ കണ്‍ഗ്രഷ്ണല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്സ് പ്രത്യേകം നോട്ടമിട്ടിരുന്നു. വൈറ്റ് ഹൗസ് രേഖകള്‍ നീക്കം ചെയ്യുന്നതിലും, കാപ്പിറ്റോള്‍ അക്രമങ്ങളിലും പെറി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റ് സംശയിക്കുന്നത്.
പ്രൊ ട്രമ്പ് ഫ്രീഡം കോക്കസിന്റെ ചെയര്മാന് കൂടിയാണ് സ്കോട്ട് പെറി. എഫ്.ബി.ഐ. നടത്തുന്ന തിരക്കു പിടിച്ച നീക്കങ്ങള്‍ ട്രമ്പ് 2024 ല്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ഭയത്തിലാണെന്ന് സ്കോട്ട് പെറി പറഞ്ഞു.