തിരുവനന്തപുരം: തിരുവനന്തപുരം: ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററിലെ പരസ്യവാചകം വിവാദമായതോടെ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിമർശനങ്ങളെ പോസിറ്റീവായി കാണുന്നുവെന്നും റോഡുകളിലെ കുഴികൾ സംബന്ധിച്ച പ്രശ്നങ്ങൾ നേരത്തെയുള്ളതാണെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
‘വ്യക്തിക്കോ സംഘടനകള്‍ക്കോ സിനിമയ്‌ക്കോ വിമര്‍ശിക്കാം. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. ഓരോ കാലത്തും സിനിമയില്‍ അതാത് കാലത്തെ സംഭവങ്ങള്‍ വരാറുണ്ട്.’ മന്ത്രി പറഞ്ഞു. സിനിമയ്ക്ക് എതിരെയുള്ള സൈബര്‍ ആക്രമണത്തെ കുറിച്ച് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
“തിയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ടെങ്കിലും വരണേ” എന്ന മുദ്രാവാക്യത്തോടെയുള്ള ചിത്രത്തിന്റെ പോസ്റ്ററാണ് വിവാദമായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. പോസ്റ്ററിനെതിരായ സൈബർ ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു.