തിരുവനന്തപുരം: കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പോരാട്ടം രൂക്ഷമാകുന്നു. പോസ്റ്ററില്‍ ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യ വാക്യത്തെച്ചൊല്ലി രാഷ്ട്രീയപോരാട്ടം മുറുകുകയാണ്. ഇടത് അനുഭാവികളാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
എന്നാൽ പോസ്റ്ററിനെതിരായ സൈബർ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം രംഗത്തെത്തി. കേരളത്തിലെ മുഴുവൻ ജനങ്ങളും അനുഭവിക്കുന്ന ദുരിതം ഫലിതരൂപേണ പരസ്യത്തിൽ ഉൾപ്പെടുത്തിയതിന്റെ പേരില്‍ സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത് ‘അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാർക്സിസ്റ്റ് വെട്ടുകിളികൾ’ ആണെന്നാണ് വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇവന്മാര്ക്ക് പ്രാന്താണോയെന്നും അദ്ദേഹം ചോദിക്കുന്നു. സിനിമക്കെതിരായ സൈബര്‍ ആക്രമണത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേരത്തെ വിമര്‍ശിച്ചിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്തു കയറി നിന്ന് വാദിക്കുന്നവരാണ് ഇത്തരം സൈബര്‍ ആക്രമണം നടത്തുന്നതെന്നും റോഡിലെ കുഴികളെ ട്രോളി സിനിമയുടെ പോസ്റ്റര്‍ ഇറക്കിയത് ആവിഷ്കാര സ്വാതന്ത്ര്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സൈബര്‍ ആക്രമണം ഉണ്ടായാല്‍ സിനിമ കൂടുതല്‍ പേര് കാണുമെന്നും റോഡിലെ കുഴിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
റോഡിലെ കുഴികളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പും കടുത്ത വിമർശനം നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെ പരിഹസിക്കുന്ന തരത്തിലാണ് പോസ്റ്ററിലെ വാചകം. പോസ്റ്ററിനെതിരെ സുപ്രീം കോടതി അഭിഭാഷകരായ രശ്മിത രാമചന്ദ്രൻ, ടി.സി. രാജേഷ് തുടങ്ങിയവർ രംഗത്തെത്തി. അതേസമയം പോസ്റ്ററിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.