കണ്ണൂർ: സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച് വിപണിയും ഉപഭോഗവും രൂക്ഷമായ സാഹചര്യത്തിൽ ഇറച്ചിക്കാവശ്യമായ രോഗ രഹിത പന്നികളെ സർക്കാർ ഏറ്റെടുക്കുമെന്ന് മൃഗസംരക്ഷണം, മൃഗശാല, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പന്നിപ്പനി മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരില്ല. പന്നികളിലേക്ക് മാത്രമാണ് രോഗം പകരുന്നത്. എന്നാൽ, പന്നിപ്പനി ആശങ്കയിലായ സാഹചര്യത്തിൽ കർഷകരെ സഹായിക്കാനാണു നടപടിയെന്നും മന്ത്രി പറഞ്ഞു.
കണിച്ചാർ ഗ്രാമപ്പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥതര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പന്നിപ്പനി ബാധിത പ്രദേശങ്ങളിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ മൂന്നു മാസം കഴിഞ്ഞ് രോഗമില്ലെന്ന് സ്ഥിരീകരിച്ചാല്‍ പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ചെറിയ പലിശക്ക് ലോണ്‍ നല്‍കാനുള്ള കാര്യവും സര്‍ക്കാര്‍ ആലോചനയിലുണ്ട്. പന്നിപ്പനി സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിച്ചതിനാലാണ് രോഗബാധ പിടിച്ചുകെട്ടാനായത്.
ക്ഷീര കര്‍ഷക സംഘങ്ങളില്‍ നല്‍കുന്ന പാലിന് ഒരു ലിറ്ററിന് നാല് രൂപ വെച്ച് ക്ഷീര കര്‍ഷകര്‍ക്ക് നല്‍കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം നടക്കുമെന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു. കര്‍ഷകരായ പി.എ. മാനുവല്‍, ജോമി ജോണ്‍ എന്നിവര്‍ നഷ്ടപരിഹാര തുക ഏറ്റുവാങ്ങി. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് അഡീഷനല്‍ ഡയരക്ടര്‍ ഡോ. വിന്നി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെമിനാര്‍ മേയര്‍ ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, സ്ഥിരം സമിതി അദ്ധ്യക്ഷ യു പി ശോഭ, കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, കോർപറേഷൻ കൗൺസിലർ അഡ്വ പി കെ അൻവർ, കണിച്ചാർ പഞ്ചായത്ത് വാർഡ് മെമ്പർ തോമസ് വടശ്ശേരി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ ബി അജിത് ബാബു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ ഒ എം അജിത എന്നിവർ സംസാരിച്ചു.