എറണാകുളം: പബ്ലിക് ഫിനാൻസ്, കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ വിദഗ്ധനായ പ്രൊഫ. കെ കെ ജോര്‍ജ്ജ് (82) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 8:45നാണ് അന്തരിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആന്റ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ ചെയർമാനായിരുന്നു.
പൊതു ധനകാര്യത്തിലും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും രാജ്യത്തെ മുൻനിര വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ “കേരള വികസന മാതൃകയുടെ പരിമിതികൾ” എന്ന പുസ്തകം ശ്രദ്ധ നേടിയിട്ടുണ്ട്. ആലുവ യുസി കോളജിലും മദ്രാസ് ക്രിസ്ത്യൻ കോളജിലുമായി പഠനം പൂർത്തിയാക്കിയ അദ്ദേഹം കൊച്ചി സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ അധ്യാപകനായി ജോലി ആരംഭിച്ച അദ്ദേഹം എസ്ബിഐയിലും തിരുവനന്തപുരം സെന്‍റർ ഫോർ ഡെവലപ്മെന്‍റ് സ്റ്റഡീസ് വിസിറ്റിങ് ഫെലോ ആയും പ്രവർത്തിച്ചു. കൊട്ടി സർവകലാശാലയിൽ സ്‌കൂൾ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് ഡയറക്‌ടറായി 2000ൽ വിരമിച്ചു.
ഭാര്യ: ഷേർളി(റിട്ട. ബിഎസ്‌എൻഎൽ). മക്കൾ: ജസ്‌റ്റിൻ ജോർജ് (ബിസിനസ്),ജീൻ ജോർജ് (അബുദാബി), ഡോ. ആൻ ജോർജ് (യു സി കോളേജ് ആലുവ).മരണാനന്തര ശുശ്രൂഷ ചടങ്ങുകൾ വെള്ളിയാഴ്‌ച (12.08.2022) വൈകുന്നേരം ആലുവ തോട്ടക്കാട്ടുകരയിലെ ഐശ്വര്യ ലൈനിലുള്ള സ്വവസതിയിൽ നടക്കും.