തേസ്പൂർ (അസം) : കൗമാരക്കാരിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച കേസിൽ കൃത്യവിലോപം ആരോപിച്ച് ദരാംഗ് ജില്ലയിലെ മൂന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉത്തരവിട്ടു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിക്കാനും അദ്ദേഹം ഉത്തരവിട്ടതായി ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.
വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന 13 വയസുകാരിയെ ജൂണിൽ ദരാംഗ് ജില്ലയിലെ ധുല പ്രദേശത്തെ ഒരു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പെൺകുട്ടി ജോലി ചെയ്തിരുന്ന വീട്ടിലെ ദമ്പതികളെ പിന്നീട് ധൂല പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, വിഷയം ശരിയായി അന്വേഷിക്കാൻ പോലീസ് തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. വെള്ളിയാഴ്ച സോണിത്പൂർ ജില്ലയിലെ ധേകിയാജുലി പ്രദേശത്തുള്ള പെൺകുട്ടിയുടെ വീട്ടിലെത്തി പോലീസിനെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ആരാഞ്ഞു.
സംഭവത്തിന്റെ ഫോട്ടോഗ്രാഫിക്, വീഡിയോഗ്രാഫിക് തെളിവുകൾ ശേഖരിക്കുന്നതിൽ പോലീസ് അതീവ കൃത്യവിലോപം കാട്ടിയതായി ആക്ഷേപമുണ്ട്. അസ്വാഭാവിക മരണത്തിൽ രേഖാമൂലം പരാതി നൽകാതിരിക്കാൻ ധൂല പോലീസ് സ്റ്റേഷൻ ഓഫീസർ മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തിയതായും ആരോപണമുണ്ട്.
സന്ദർശനത്തിന് ശേഷം, പോലീസ് ഡയറക്ടർ ജനറലിനോടൊപ്പം (ഡിജിപി) എത്തിയ മുഖ്യമന്ത്രി, ദരാംഗ് എസ്പി രാജ്മോഹൻ റേ, അഡീഷണൽ എസ്പി രൂപം ഫുകാൻ, ധുല പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻചാർജ് എന്നിവരെ ഉടൻ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മൂന്നംഗ എസ്ഐടി രൂപീകരിക്കണമെന്നും ശർമ്മ ഡിജിപിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എസ്‌ഐടിയിലെ മൂന്ന് അംഗങ്ങളിൽ രണ്ടുപേർ വനിതകളായിരിക്കും.
മരിച്ചവരുടെ കുടുംബത്തിന് സർക്കാർ പദ്ധതി പ്രകാരം വീട് നിർമിച്ചു നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ഗുണഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പ്രതിമാസം 1,000 രൂപ ലഭിക്കുന്ന ഒരുനോഡോയ് പദ്ധതിയിൽ മരിച്ചയാളുടെ കുടുംബത്തെ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സോണിത്പൂർ ഡെപ്യൂട്ടി കമ്മീഷണറോട് അദ്ദേഹം ഉത്തരവിട്ടു.