ഫ്ലോറിഡ: പ്രശസ്ത ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തകയും ടി.വി. അവതാരകയുമായ ഉമാ പെമ്മരാജുവിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി.
അതോടൊപ്പം പത്രപ്രവർത്തകനും എഴുത്തുകാരനുമായ സൽമാൻ റുഷ്ദിക്ക് നേരെ നടന്ന വധ ശ്രമത്തെ അപലപിക്കുകയും ചെയ്തു.
എല്ലാ ജനാധിപത്യ മൂല്യങ്ങളെയും നിരസിക്കുന്നു നീചമായ ആക്രമണമാണ് ബുക്കർ പ്രൈസ് ജേതാവായ സൽമാൻ റുഷ്ദിക്ക് നേരെ ഉണ്ടായത്. വ്യക്തിസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന ഒരു സമൂഹത്തിൽ ഇത്തരം ആക്രമണം തികച്ചും നിന്ദ്യമാണ്. റുഷ്ദി വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത് ,ട്രഷറർ ഷിജോ പൗലോസ് എന്നിവർ ആശംസിച്ചു.
ഉമാ പെമ്മരാജു, 64, 1994 -ൽ ഫോക്സ് ന്യൂസ് ചാനലിന്റെ ആദ്യ ദിനം മുതൽ അവതാരകയായിരുന്നു. മുഖ്യധാര മാധ്യമരംഗത്തു തിളങ്ങിയ ആദ്യ ഇന്ത്യാക്കാരിലൊരാളാണ് അവർ. അവരുടെ പാത പിന്തുടർന്നാണ് പിന്നീട് പലരും മാധ്യമരംഗത്ത് ഉയരങ്ങളിലേക്കെത്തിയത്.
ഫോക്സ് റിപ്പോർട്ട്, ഫോക്സ് ന്യൂസ് ലൈവ്, ഫോക്സ് ഓൺ ട്രെൻഡ്‌സ്, ഫോക്സ് ന്യൂസ് നൗ എന്നീ പരിപാടികളിലെല്ലാം അവതാരക ആയിരുന്നു. അന്വേഷണ മാധ്യമ പ്രവർത്തനത്തിനു നിരവധി എമ്മി അവാർഡുകൾ നേടി. ഏറ്റവും നേട്ടമുണ്ടാക്കിയ വനിതയ്ക്കുള്ള ബിഗ് സിസ്റ്റേഴ്സ് ഓർഗനൈസേഷൻ അവാർഡ്, ടെക്സസ് എ പി അവാർഡ്, മാട്രിക്സ് അവാർഡ് എന്നിവയും ഏറ്റു വാങ്ങിയിട്ടുണ്ട്.
ഫോക്സ് ന്യൂസിനു പുറമെ ബ്ലൂംബർഗിനു വേണ്ടിയും അവർ ജോലി ചെയ്തിരുന്നു. ദലൈ ലാമ, ഡൊണാൾഡ് ട്രംപ്, സാറാ പാലിൻ, വൂപ്പി ഗോൾഡ്ബർഗ്, ചന്ദ്ര യാത്രികൻ ബസ് ആൽഡ്രിൻ തുടങ്ങി നിരവധി പ്രശസ്തരെ അവർ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.
ആന്ധ്ര പ്രദേശിലെ രാജമുന്ദ്രിയിൽ ജനിച്ച ഉമ ആറു വയസിൽ മാതാപിതാക്കളോടൊപ്പം യു എസിൽ എത്തി. പഠിച്ചു വളർന്നത് ടെക്സസിലെ സാൻ അന്റോണിയോയിൽ. ട്രിനിറ്റി യൂണിവേഴ്സ്റ്റിയിൽ നിന്നും ബി എ ബിരുദം നേടിയ ശേഷം സാൻ അന്റോണിയോ എക്സ്പ്രസ്സ് ന്യൂസിലും കെൻസ് ടി വി യിലും ജോലി ചെയ്തു.
ഫോക്സ് ന്യൂസ് സംപ്രേക്ഷണം ആരംഭിച്ച 1996 ഒക്ടോബർ 6നു തന്നെ സ്‌ക്രീനിൽ തെളിഞ്ഞ മുഖമാണ് ഉമയുടേത്. അതിനു മുൻപ് ഡാളസ്, ബാൾട്ടിമോർ എന്നിവിടങ്ങളിൽ ടി വി ചാനലുകളിൽ ജോലി ചെയ്തു. എമേഴ്സൺ കോളജിലും ഹാർവാഡിലും മാധ്യമ പ്രവർത്തനം പഠിപ്പിച്ചിട്ടുണ്ട്.
അവരുടെ വേർപാട് ഇന്ത്യൻ അമേരിക്കൻ മാധ്യമരംഗത്തെ ശുഷ്കമാക്കി എന്ന് അവർ ചൂണ്ടിക്കാട്ടി.