കാന്‍ബറ: ഞായറാഴ്ച കാൻബറയിലെ പ്രധാന വിമാനത്താവളത്തിനുള്ളിൽ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച തോക്കുധാരിയെ ഓസ്‌ട്രേലിയൻ പോലീസ് കസ്റ്റഡിയിലെടുത്തു. ആര്‍ക്കും ആളപായമോ പരിക്കോ ഇല്ലെന്ന് പോലീസ് വക്താവ് പറഞ്ഞു.
തലസ്ഥാനത്തെ പ്രധാന വിമാനത്താവളത്തിൽ എമർജൻസി അലാറം മുഴങ്ങിയപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ ടെർമിനലിനുള്ളിൽ ഒരാളെ കീഴ്പ്പെടുത്തുന്നത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ കാണിക്കുന്നു.
തോക്കുധാരിയെ കസ്റ്റഡിയിലെടുത്തതായും നഗരത്തിലെ ഒരു സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഒരു തോക്ക് കണ്ടെടുത്തതായും അവർ കൂട്ടിച്ചേർത്തു.
ഉച്ചകഴിഞ്ഞ് വിമാനത്താവളത്തിന്റെ ഡിപ്പാര്‍ച്ചര്‍ ഏരിയയിൽ പ്രവേശിച്ച തോക്കുധാരി ടെർമിനലിന്റെ ഗ്ലാസ് ജനാലകൾക്ക് സമീപം അല്പനേരം ഇരുന്ന് പരിസരം വീക്ഷിച്ചിരുന്നതായി ഡിറ്റക്ടീവ് ആക്ടിംഗ് സൂപ്രണ്ട് ഡേവ് ക്രാഫ്റ്റ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതിനുശേഷമാണ് തോക്ക് പുറത്തെടുത്ത് ഏകദേശം അഞ്ച് റൗണ്ട് വെടിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളം ഒഴിപ്പിക്കുകയും ലോക്ക് ഡൗൺ ചെയ്യുകയും വിമാന സർവീസുകൾ നിർത്തി വെയ്ക്കുകയും ചെയ്തു. എന്നാൽ, ചില വിമാനങ്ങൾ റദ്ദാക്കിയെങ്കിലും പിന്നീട് വിമാനത്താവളം വീണ്ടും തുറന്നതിന് ശേഷം സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
ടെർമിനലിലെ ഗ്ലാസ് ജനാലകൾക്ക് നേരെ ഇയാൾ വെടിയുതിർത്തതായി കുറ്റകൃത്യം നടന്ന സ്ഥലം സൂചിപ്പിക്കുന്നതായി ക്രാഫ്റ്റ് പറഞ്ഞു.
യാത്രക്കാർക്കോ ജീവനക്കാർക്കോ നേരെ വെടിയുതിർത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഇയാൾ ഒറ്റയ്‌ക്കാണ് പ്രവർത്തിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.