കൊച്ചി: ഈ വരുന്ന തിങ്കളാഴ്ച ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ജനപ്രിയ വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ആഴ്‌ചകളിലുടനീളം സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ സ്വാതന്ത്ര്യ സന്ദേശങ്ങളുമായി ആഘോഷങ്ങളിൽ പങ്കാളിയാവുകയാണ്. സംപ്രേക്ഷണം ചെയ്യുന്ന എല്ലാ സീരിയലുകളുടെയും കഥാ സന്ദർഭം അനുസരിച്ച്, ചാനലിനും അതിന്റെ പ്രേക്ഷകർക്കും എല്ലാ ദിവസവും സ്വാതന്ത്ര്യ ദിനമാണ് എന്ന പ്രഖ്യാപനവുമായാണ് സീ കേരളം ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
നിലവിൽ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ സീരിയലുകളും സ്വാതന്ത്യ്രം പ്രധാന പ്രമേയമായി ഉയർത്തിപ്പിടിക്കുകയാണ് സീ കേരളം. ഉദാഹരണത്തിന്, ഭാഗ്യലക്ഷ്മി എന്ന സീരിയലിൽ അനീതിയിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന പ്രമേയമാണ് ഉയർത്തിപ്പിടിക്കുന്നതെങ്കിൽ, അമ്മ മകൾ ആത്മസംഘർഷങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നു. സീ കേരളം ചാനലിലെ മറ്റൊരു ജനപ്രിയ സീരിയലായ കൈയെത്തും ദൂരത്ത് അസമത്വത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അതേസമയം കുടുംബശ്രീ ശാരദ പുരുഷാധിപത്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന പ്രമേയം ഉയർത്തിക്കാട്ടുന്നു.
കുടുംബ പ്രശ്നങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ കഥ പറയുന്ന മിസിസ് ഹിറ്റ്‌ലറും, അവാസ്തവങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന നീയും ഞാനും ജനപ്രിയ പരിപാടികളാണ്. അതേസമയം, പ്രണയവർണ്ണങ്ങൾ പരാശ്രയത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും കാർത്തികദീപം അവഗണനയിൽ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്നു.
കേരളത്തിലും ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ഉറ്റുനോക്കുന്ന ഈ സീരിയലുകൾ, രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്ന സ്വാതന്ത്ര്യ ആഘോഷങ്ങൾക്ക് അനുയോജ്യമായാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്.