എറണാകുളം: വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശനമേറ്റ കൊച്ചിയിലെ പഴയ റെയിൽവേ സ്റ്റേഷൻ ചരിത്രത്തിന്റെ ഭാഗമാകേണ്ടതിനു പകരം ഇന്ന് പ്രേതഭൂമി പോലെയായി. 1925 മാർച്ച് എട്ടിന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തി. പഴയ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിറങ്ങി റോഡ് മാർഗം വൈക്കത്തെ സത്യാഗ്രഹ വേദിയിലേക്ക് പോകുകയായിരുന്നു അദ്ദേഹം.
രബീന്ദ്രനാഥ ടാഗോറും എലിസമ്പത്ത് രാജ്ഞിയും കൊച്ചിയിലെത്തിയപ്പോൾ ഇതേ സ്റ്റേഷനില്‍ തന്നെയാണ് തീവണ്ടിയിറങ്ങിയത്. നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളുടെ വരവോടെ ചരിത്ര പ്രാധാന്യമുള്ള ഈ സ്റ്റേഷൻ പഴയ റെയിൽവേ സ്റ്റേഷനായി മാറി. മൂന്ന് പതിറ്റാണ്ട് മുമ്പ് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചതോടെ ചരിത്രമുറങ്ങുന്ന ഓൾഡ് റെയിൽവേ സ്റ്റേഷൻ പൂർണമായും അവഗണിക്കപ്പെട്ടു. ചരിത്രത്തോടുള്ള അധികാരികളുടെ അവഗണനയുടെ നേര്‍ സാക്ഷ്യം കൂടിയാണ് ജീര്‍ണ്ണാവസ്ഥയിലുള്ള ഈ പൈതൃക കേന്ദ്രം.
ഒരു നൂറ്റാണ്ട് മുമ്പ് നിർമിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോൾ കാടുമൂടിക്കിടക്കുകയാണ്. ഓൾഡ് റെയിൽവേ സ്റ്റേഷൻ പൈതൃക സ്റ്റേഷനായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പതിറ്റാണ്ടിലേറെയായി ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതി രംഗത്തുണ്ട്. നാല് വർഷം മുമ്പ് റെയിൽവേ ആവശ്യം അംഗീകരിച്ച് പ്രവൃത്തികൾക്ക് ഫണ്ട് അനുവദിച്ചിരുന്നു.
പൈതൃകം നിലനിര്‍ത്തി സ്റ്റേഷൻ സംരക്ഷിക്കാൻ വൻ വികസന പദ്ധതിയാണ് റെയിൽവേ ലക്ഷ്യമിട്ടത്. ആദ്യ ഘട്ടമായി ഒന്നരക്കോടി രൂപ അനുവദിക്കുകയും ചെയ്‌തു. ഇതുപയോഗിച്ച് നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ട്രാക്കിന്‍റെ ചെറിയൊരു ഭാഗം നവീകരിക്കുകയും ചെയ്‌തു. പക്ഷേ ജോലികൾ തുടങ്ങി മൂന്ന് മാസത്തിനുള്ളിൽ തന്നെ നിലച്ചു.
ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസനമെന്ന തങ്ങളുടെ ആവശ്യം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് വികസന സമിതി വൈസ് ചെയർമാൻ കുരുവിള മാത്യൂസ് പറയുന്നു. മംഗളവനമെന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്തോട് ചേർന്ന് നിൽക്കുന്ന ഓൾഡ് റെയിൽവേ സ്റ്റേഷനിൽ വാണിജ്യ താത്പര്യത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് ഏറെ പരിമിതികളുണ്ട്.
സ്‌റ്റേഷൻ നിൽക്കുന്ന 40 ഏക്കറിലധികം വരുന്ന ഭൂമി കൈയേറാൻ കാത്തുനിൽക്കുന്നവരും വികസനം അട്ടിമറിക്കാനാണ് ചരടുവലിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഒരു നൂറ്റാണ്ട് മുമ്പ് കൊച്ചി മഹാരാജാവ് രാമവർമ്മ 40 ലക്ഷം രൂപ ചെലവിൽ പഴയ റെയിൽവേ സ്റ്റേഷൻ പണികഴിപ്പിച്ചതായി ചരിത്രം പറയുന്നു.
കൊച്ചിയിൽ റെയിൽവേ സ്റ്റേഷൻ നിർമിക്കണമെന്ന ആവശ്യം ബ്രിട്ടീഷുകാർ അവഗണിച്ചപ്പോൾ രാജാവ് സ്വന്തമായി റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാക്കി. എന്നാൽ, മാറിമാറി വന്ന ജനകീയ സർക്കാരുകൾക്ക് ചരിത്രമുറങ്ങുന്ന പ്രസിദ്ധമായ റെയിൽവേ സ്റ്റേഷനെ രക്ഷിക്കാനായില്ല.