ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാകുന്നത് പുതിയ ദൃഢനിശ്ചയത്തോടെ പുതിയ ദിശയിലേക്ക് ചുവടുവെക്കാനുള്ള സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കർ, വീർ സവർക്കർ, ഭഗത് സിംഗ്, ജവഹർലാൽ നെഹ്‌റു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് മോദി ആദരാഞ്ജലികൾ അർപ്പിച്ചു.
“നമ്മുടെ സ്വാതന്ത്ര്യ സമരകാലത്ത്, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ ക്രൂരത നേരിടാത്ത ഒരു വർഷമുണ്ടായിരുന്നില്ല. ഇന്ന്, അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ, അവരുടെ കാഴ്ചപ്പാടുകളും ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളും നാം ഓർക്കേണ്ട ദിവസമാണ്,” മോദി പറഞ്ഞു. “പുതിയ ദൃഢനിശ്ചയത്തോടെ പുതിയ ദിശയിലേക്ക് ചുവടുവെക്കേണ്ട ദിവസമാണിത്,” കേന്ദ്രമന്ത്രിമാരും സുപ്രീം കോടതി ജഡ്ജിമാരും മുതിർന്ന നയതന്ത്രജ്ഞരും ഉൾപ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ മോദി പറഞ്ഞു.
ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയതിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമാണ്. പുതിയ ദിശയില്‍ നീങ്ങാനുള്ള സമയമാണിത്. നിശ്ചയ ദാര്‍ഢ്യത്തോടെ മുന്നേറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമര സേനാനികളെ അദ്ദേഹം അനുസ്മരിച്ചു. ശ്രീനാരായണ ഗുരുവും സ്വാമി വിവേകാന്ദനും അടക്കമുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കളേയും അദ്ദേഹം അനുസ്മരിച്ചു.
ശ്രീനാരായണ ഗുരുവടക്കം ഉള്ള മഹാന്മാര്‍ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചു. ആദിവാസി സമൂഹത്തേയും അഭിമാനത്തോടെ ഓര്‍ക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം വിഭജനത്തെ ഹൃദയവേദനയോടെയാണ് അനുസ്മരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. അതാണ് നമ്മുടെ കരുത്ത്, 75ാം വയസിലേക്കുള്ള ഇന്ത്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ സ്വപ്ന സാക്ഷാത്കാരത്തിന് ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തെ എല്ലാ ഭാഷയിലും അഭിമാനിക്കണം.
5ജിക്കായുള്ള കാത്തിരിപ്പ് അവസാനിച്ചു. ഡിജിറ്റല്‍ ഇന്ത്യ എല്ലാ ഗ്രാമങ്ങളിലും എത്തും. പുനരുപയോഗ ഊര്‍ജം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതുവരെ എല്ലാ മേഖലകളിലും ഇന്ത്യ മെച്ചപ്പെട്ടു. കുട്ടികള്‍ വിദേശ നിര്‍മ്മിത കളിപ്പാട്ടങ്ങള്‍ നിരസിച്ചു. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ആവേശം അവരുടെ സിരകളിലൂടെ ഒഴുകുന്നുവെന്ന് ഇത് കാണിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐക്യം കൈവരിക്കാന്‍ ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് അദ്ദേഹം രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരം അര്‍പ്പിച്ചു. പുഷ്പാര്‍ച്ചന നടത്തി. അതിനുശേഷം ചെങ്കോട്ടയിലെത്തിയ അദ്ദേഹത്തെ പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ത്രിവര്‍ണ നിറത്തിലുള്ള തലപ്പാവ് ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത്. ചെങ്കോട്ടയില്‍ എത്തിയ അദ്ദേഹം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷം ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. അതിനുശേഷം അദ്ദേഹം ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. വായുസേന ഹെലികോപ്ടറുകള്‍ ഈ സമയം പുഷ്പവൃഷ്ടി നടത്തി.