കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി പ്രിയ വർഗീസ്. വിവരാവകാശ നിയമത്തിന്റെ പേരിൽ പ്രചരിക്കുന്ന ചില നമ്പരുകളിലെ കള്ളക്കളികള്‍ പുറത്തു കൊണ്ടുവരേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയ ഫേസ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്. അസോസിയേറ്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ റിസർച്ച് സ്‌കോറിൽ പ്രിയ വർഗീസ് പിന്നിലാണെന്ന് കാണിച്ചുള്ള വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
എന്‍റെ 156-ഉം അപരന്‍റെ 651-ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ്. സർവകലാശാല അത് മുഴുവൻ പരിശോധിച്ച് വകവച്ച് തന്നിട്ടുള്ളതല്ല. ഒരു കമ്മ്യൂണിസ്റ്റുകാരന്‍റെ ജീവിതപങ്കാളി എന്ന നിലയ്ക്ക് എല്ലായ്‌പോഴും സോഷ്യൽ ഓഡിറ്റിനെ ഭയന്നുജീവിക്കുന്ന ഒരാളാണ് താനെന്നും പ്രിയ വര്‍ഗീസ് കുറിച്ചു.
മാധ്യമങ്ങള്‍ക്കെതിരെയും ഫേസ്‌ബുക്ക് പോസ്‌റ്റില്‍ പ്രിയ വര്‍ഗീസ് വിമര്‍ശനം ഉന്നയിച്ചു. അഭിമുഖം ഓൺലൈൻ ആയി നടന്നതായതുകൊണ്ട് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതും കൂടി വിവരാവകാശം ചോദിച്ച് എടുത്തുവച്ച് ചാനലിൽ സംപ്രേഷണം ചെയ്യൂ.
അതിൽ മാത്രം ഇനി ചാനൽ വിധിനിർണയം നടന്നില്ല എന്ന് വേണ്ട. ഒട്ടും ആത്മവിശ്വാസക്കുറവില്ലാത്തതുകൊണ്ട് ഞാൻ അതിനെ സുസ്വാഗതം ചെയ്യുന്നു. മാധ്യമ തമ്പ്രാക്കളോട് തത്‌കാലം ഇത്രമാത്രം തെര്യപ്പെടുത്തിക്കൊള്ളട്ടെയെന്നും കുറിച്ചാണ് പ്രിയ വര്‍ഗീസ് പോസ്‌റ്റ് അവസാനിപ്പിക്കുന്നത്.