തായ്‌വാനിലെ യുഎസ് ഇടപെടലിനെ പരാമർശിച്ച് ഉക്രെയ്‌നിലെ സംഘർഷം നീട്ടാനും ഏഷ്യ-പസഫിക് മേഖലയെ അസ്ഥിരപ്പെടുത്താനുമാണ് യു എസ് ശ്രമിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആരോപിച്ചു.
“യുക്രെയിനിലെ സ്ഥിതിഗതികൾ കാണിക്കുന്നത് ഈ സംഘർഷം നീട്ടിക്കൊണ്ടുപോകാൻ അമേരിക്ക ശ്രമിക്കുന്നു എന്നാണ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ സംഘർഷ സാധ്യതകൾക്ക് ഇന്ധനം പകരുന്ന അതേ രീതിയിലാണ് അവർ പ്രവർത്തിക്കുന്നത്,” ചൊവ്വാഴ്ച്ച മോസ്കോ ഇന്റർനാഷണലിന്റെ ഉദ്ഘാടന ചടങ്ങിൽ പുടിൻ പറഞ്ഞു.
മോസ്‌കോയ്‌ക്കെതിരായ ഉപരോധങ്ങൾക്കൊപ്പം യുക്രെയ്‌നിലേക്കുള്ള പാശ്ചാത്യ ആയുധങ്ങളുടെ വിതരണം നടന്നുകൊണ്ടിരിക്കുന്ന യുദ്ധം നീട്ടുമെന്ന് റഷ്യ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം ഇതിനകം ആറാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്.
യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി അടുത്തിടെ നടത്തിയ വിവാദമായ തായ്‌വാൻ സന്ദർശനത്തെയും പുടിൻ അപലപിച്ചു. അത് “സൂക്ഷ്‌മമായി ആസൂത്രണം ചെയ്ത” പ്രകോപനമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
“തായ്‌വാനുമായി ബന്ധപ്പെട്ട് ഒരു അമേരിക്കൻ ഉദ്യോഗസ്ഥയുടെ സാഹസികത ഒരു രാഷ്ട്രീയക്കാരിയുടെ വെറും യാത്ര മാതമല്ല, മറിച്ച് പ്രദേശത്തെയും ലോകത്തെയും സ്ഥിതിഗതികൾ അസ്ഥിരപ്പെടുത്താനും താറുമാറാക്കാനുമുള്ള ലക്ഷ്യബോധത്തോടെ, ബോധപൂർവമായ യുഎസ് തന്ത്രത്തിന്റെ ഭാഗമാണ്,” അദ്ദേഹം പറഞ്ഞു.
തായ്‌വാനിലെ ബീജിംഗിന്റെ പരമാധികാരം മിക്കവാറും എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്ന “വൺ-ചൈന” നയത്തിന് വാഷിംഗ്ടൺ ഔപചാരികമായി അംഗീകാരം നൽകിയിട്ടും സ്വയം ഭരിക്കുന്ന ദ്വീപിലെ യുഎസ് ഇടപെടലിനെയും യുഎസ് ഉദ്യോഗസ്ഥർ പതിവായി സന്ദർശിക്കുന്നതിനെയും ചൈന വളരെക്കാലമായി എതിർത്തു വരികയാണ്.