ചിക്കൻ ബിരിയാണിയിൽ പുഴുക്കൾ; ബിരിയാണി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റു

കാസർകോട്: ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ഹോട്ടലിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ചെങ്കളയിലെ എവറസ്റ്റ് ഹോട്ടലിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ചിക്കൻ ബിരിയാണിയിൽ പുഴുക്കളെ കണ്ടെത്തി.

സംഭവത്തെ തുടർന്ന് ഹോട്ടൽ സീൽ ചെയ്തു. ചെർക്കള സെൻട്രൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ബുധനാഴ്ച ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റത്. പത്താം ക്ലാസ് വിദ്യാര്‍ഥികളായ ബി.എ അനസ്, മുഹമ്മദ്, ഇബ്രാഹിം, ജാഹിദ് അബ്ദുല്ല, സാലിത് അഹമ്മദ്, സമീർ എന്നിവര്‍ക്കാണ് ആദ്യം വിഷബാധയേറ്റത്.എന്നാല്‍ പിന്നീട് കൂടുതല്‍ കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥികള്‍ ചെർക്കള പിഎച്ച്സിയിൽ ചികിത്സ തേടി. എന്നാല്‍ വയറുവേദനയും ചര്‍ദ്ദിയും വര്‍ധിച്ചതോടെ ചെങ്കളയിലെ പബ്ലിക് ഹെല്‍ത്ത് സെന്‍ററിലേക്ക് മാറ്റി.

സംഭവത്തെ തുടര്‍ന്ന് സ്കൂളിലെ പ്രഥമ അധ്യാപകൻ എം. എ അബ്ദുൽ ഖാദർ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഇതേ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ്, പൊലീസ്, ഭക്ഷ്യ സുരക്ഷാ വിഭാഗം എന്നിവരെത്തി ഹോട്ടലില്‍ പരിശോധന നടത്തിയത്. പഴകിയ കോഴി ബിരിയാണിക്ക് പുറമെ പഴകിയ അല്‍ഫാമും സംഘം കണ്ടെത്തി. ഹോട്ടലിൽ നിന്ന് ലഭിച്ച പഴകിയ ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ചു. സ്‌കൂളിന് സമീപത്തെ ഹോട്ടലുകളില്‍ കൂടി പരിശോധന തുടരുമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News