ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ശ്രീനാരായണ ഗുരു ജയന്തിയും ഓണവും സംയുക്തമായി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 24 ശനിയാഴ്ച നോര്‍വാക് പയനിയര്‍ ബൗളിവാഡിലുള്ള സനാതന ധര്‍മ്മ ക്ഷേത്ര ഹാളിലാണ് രാവിലെ 11:30 മുതല്‍ ആഘോഷങ്ങള്‍ തുടങ്ങുന്നത്.
വിഭവസമൃദ്ധമായ ഓണ സദ്യക്ക് ശേഷം നിരവധി കലാ–സാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കെപ്പെടും. തിരുവാതിര, കൈകൊട്ടിക്കളി, ഓണപ്പാട്ടുകള്‍, നൃത്തനൃത്യങ്ങള്‍, ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും ഓണ സങ്കല്പങ്ങളെക്കുറിച്ചുമുള്ള സ്‌കിറ്റ്, വാദ്യ മേളം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ മലയാളികളെ ഓണക്കാല ഓര്‍മ്മകളിലേക്ക് കൈപിടിച്ചു നടത്തും വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും ജൈവ ഉത്പന്നങ്ങള്‍കൊണ്ട് പാചകം ചെയ്ത വിഭവസമൃദ്ധമായ സദ്യയൊരുക്കുന്നത് കാലിഫോര്‍ണിയ മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തനായ ഷെഫ് ജിജു പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ഇന്‍ഡോ അമേരിക്കന്‍ കാറ്ററിംഗ് സംഘമാണ്.
ഓണാഘോഷവും ശ്രീനാരായണ ഗുരുജയന്തിയും വന്‍ വിജയമാക്കാന്‍ എല്ലാ മലയാളികളും ഒത്തുചേരണമെന്നു ഓം പ്രസിഡന്റ് വിനോദ് ബാഹുലേയന്‍, സെക്രട്ടറി സുനില്‍ രവീന്ദ്രന്‍, ഡയറക്റ്റര്‍ രവി വെള്ളതിരി, എന്നിവര്‍ അഭ്യര്‍ഥിച്ചു. ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് മതിയായ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.ohmcalifornia.org/ സന്ദര്‍ശിക്കുക.