കൊച്ചി: തനിക്കെതിരെ തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ചുമത്തിയിട്ടുള്ള ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ചാണ് സർക്കാരിന് ആശ്വാസമായ ഈ വിധി പുറപ്പെടുവിച്ചത്. ഈ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സ്വപ്ന സുരേഷ്.
സ്വപ്‌നയ്‌ക്കെതിരെ മുൻ മന്ത്രി കെ.ടി.ജലീൽ തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലും സി.പി.എം നേതാവ് സി.പി.പ്രമോദ് പാലക്കാട് കസബ പോലീസ് സ്‌റ്റേഷനിലും പരാതി നൽകിയിരുന്നു. സ്വപ്‌ന കേരള ജനപക്ഷം നേതാവ് പിസി ജോർജുമായി ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ജലീലിന്റെ പരാതിയില്‍ പറയുന്നത്.
കലാപത്തിന് ആഹ്വാനം ചെയ്യല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സ്വപ്‌നയ്‌ക്കെതിരെയുള്ള സി. പി. പ്രമോദിന്റെ പരാതിയില്‍ കസബ പോലീസ് ചാര്‍ത്തിയിരിക്കുന്നത്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകളിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന സര്‍ക്കാര്‍ വാദം മുഖവിലയ്‌ക്കെടുത്താണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. ഇതോടെ സ്വപ്‌നയെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമുള്ള സാധ്യതകള്‍ വര്‍ധിച്ചു.