ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളില്‍ കനത്ത മഴ നാശം വിതച്ചു. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഹിമാചൽ പ്രദേശിൽ 22 പേർ മരിച്ചു. ആഗസ്റ്റ് 25 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഹിമാചൽ പ്രദേശ് ദുരന്ത നിവാരണ വകുപ്പ് മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹിമാചൽ, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഉത്തരാഖണ്ഡിൽ 4 പേർ മരിച്ചതായി സ്ഥിരീകരിച്ചു, 13 പേരെ കാണാതായതായിട്ടുണ്ട്. അതേസമയം, റായ്പൂരുമായി ജോളിഗ്രാന്റ് വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന സോങ് നദിക്ക് കുറുകെയുള്ള പാലവും തകർന്നു. ഹരിദ്വാറിലെ ഗംഗാ നദി കരകവിഞ്ഞ് അപകടനിലയിലെത്തി. ഉത്തരാഖണ്ഡിൽ 220 ലധികം റോഡുകൾ തടസ്സപ്പെട്ടിട്ടുണ്ട്.
ഹിമാചലിൽ ദേശീയ പാത 5 അടച്ചതിനാൽ ഷോഗി മെഹ്‌ലി ബൈപാസിൽ നിന്ന് ഗതാഗതം തിരിച്ചുവിടേണ്ടി വന്നു. ഇവിടെ സംസ്ഥാന ദുരന്തനിവാരണ സംഘം രക്ഷാപ്രവർത്തനങ്ങള്‍ നടത്തുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തേക്ക് നേരിയതോ മിതമായതോ ആയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.
മാണ്ഡി, ഷിംല, സോളൻ, കാൻഗ്ര, കുളു, ഉന, ഹമിർപൂർ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്. അതിനിടയിൽ, പ്രദേശവാസികളോടും വിനോദസഞ്ചാരികളോടും നദികളിൽ നിന്നും അഴുക്കുചാലുകളിൽ നിന്നും വിട്ടുനിൽക്കാന്‍ ഭരണകൂടം നിര്‍ദ്ദേശിച്ചു. ഒഡീഷയിലെ പല പ്രദേശങ്ങളിലും ഇന്ന് കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഗംഗാതീരമായ പശ്ചിമ ബംഗാളിലും ജാർഖണ്ഡിലും ഇടിമിന്നലോടു കൂടിയ മിതമായതോ സാമാന്യം വ്യാപകമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.
കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) പ്രവചനമനുസരിച്ച്, ഓഗസ്റ്റ് 21 നും 22 നും ഇടയിൽ പടിഞ്ഞാറൻ രാജസ്ഥാനിലും ഗുജറാത്തിലും ഇടിമിന്നലോടു കൂടിയ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, കിഴക്കൻ രാജസ്ഥാനിലെ ഘട്ട് പ്രദേശങ്ങളിൽ മഴയുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്ര. കിഴക്കൻ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, വിദർഭ, ഹിമാചൽ പ്രദേശ്, ഡൽഹി, ദക്ഷിണ ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതുപോലെ, അസം, മേഘാലയ, മിസോറാം, നാഗാലാൻഡ് എന്നിവയുൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഓഗസ്റ്റ് 21, 22 തീയതികളിൽ ശക്തമായ മഴ ലഭിക്കുമെന്ന് പ്രവചനമുണ്ട്.
മറുവശത്ത്, യുപിയിലെ മന്ദാകിനി നദി കരകവിഞ്ഞതിനെ തുടർന്ന് ഭരണകൂടം ജാഗ്രതാ നിർദേശം നൽകി. പടിഞ്ഞാറൻ യുപിയിലെ ചില ജില്ലകളിൽ ഇന്ന് നേരിയ മഴയുണ്ടായേക്കും. ഇതോടെ ഗാസിപൂരിൽ ഗംഗയുടെ ജലനിരപ്പ് മണിക്കൂറിൽ രണ്ട് സെന്റീമീറ്റർ വേഗത്തിലാണ് ഉയരുന്നത്. അതേസമയം, ജമ്മു കശ്മീരിലെ മോശം കാലാവസ്ഥയെ തുടർന്ന് ഇന്നലെ മുതൽ ശ്രീമാതാ വൈഷ്ണോദേവിയിലേക്കുള്ള യാത്ര നിർത്തിവച്ചിരിക്കുകയാണ്.