തിരുവനന്തപുരം: പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ലോകായുക്ത നിയമ ഭേദഗതി ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. ബുധനാഴ്ച അവതരിപ്പിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പ്രതിപക്ഷത്തിന്റെ എതിര്‍പ്പു മൂലമാണ് നാളത്തേക്ക് മാറ്റിയത്. രണ്ട് സുപ്രധാന ബില്ലുകൾ ഒരു ദിവസം കൊണ്ട് കൊണ്ടുവരണമെന്ന നിർദേശത്തെയാണ് പ്രതിപക്ഷം എതിർത്തത്.
അഴിമതി തെളിയിക്കപ്പെട്ടാൽ പൊതുപ്രവർത്തകന് പദവി വഹിക്കാൻ അർഹതയില്ലെന്ന ലോകായുക്ത വിധി സർക്കാരിന് തള്ളിക്കളയാമെന്ന പുതിയ വ്യവസ്ഥയാണ് നിയമഭേദഗതിയില്‍ കൊണ്ടുവരുന്നത്. പുതിയ ഭേദഗതി പ്രകാരം മന്ത്രിക്കെതിരായ ലോകായുക്ത വിധിക്കെതിരായ അപ്പീൽ അധികാരി മുഖ്യമന്ത്രിയാകും.
അതേസമയം, നിലവില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിലെ നിര്‍ദ്ദേശങ്ങളോട് സിപിഐയ്ക്ക് എതിര്‍പ്പുണ്ട്. ബില്ലില്‍ സമവായം ഉണ്ടാക്കുന്നതിനായി സിപിഎമ്മും സിപിഐയും ചര്‍ച്ചകള്‍ തുടരുകയാണ്. പുതിയ നിര്‍ദ്ദേശങ്ങളും പരിഗണനയിലാണ്. മന്ത്രിമാര്‍ക്കെതിരായ ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് പരിശോധിക്കാം, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭ പരിശോധിക്കുക, എം.എല്‍.എമാര്‍ക്കെതിരായ വിധിയില്‍ പുനഃപരിശോധനാ ചുമതല തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പരിഗണനയിലുള്ളതെന്നാണ് സൂചനകള്‍.