ദോഹ: കൾച്ചറൽ ഫോറം തൃശ്ശൂർ ജില്ല സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം “ആസാദി കാ ആസ്വാദൻ” ഐ.സി.ബി.എഫ് ആക്റ്റിങ് പ്രസിഡന്റ് വിനോദ് നായർ ഉദ്ഘാടനം ചെയ്തു.
നമ്മുടെ നാടിന്റെ പൈതൃകം സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെതുമാണെന്നും ആ ഒരു പ്രതീതി ജനിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷമാണ് കൾച്ചറൽ ഫോറം സംഘടിപ്പിച്ചത് എന്ന് വിനോദ് നായർ പറഞ്ഞു.
കൾച്ചറൽ ഫോറം തൃശ്ശൂർ ജില്ല കമ്മിറ്റി അംഗം ഷംസീർ ഹസൻ മുഖ്യ പ്രഭാഷണം നടത്തി. തങ്ങളുടെ ജീവനേക്കാൾ വില രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനാണെന്ന് ചിന്തിക്കുകയും ധീരമായി പോരാടിയതിന്റെയും ഫലമാണ് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും അത് സംരക്ഷിച്ചു നിർത്തണമെന്നും ഷംസീർ ഹസൻ പറഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ഷാഹിദ് അലിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം, സ്ത്രീകളുടെയും കുട്ടികളുടെയും സമൂഹഗാനം, അബ്ദുൽ ലത്തീഫ് നയിച്ച നാടകം, മെഹ്ദിയ മൻസൂർ ആലപിച്ച ദേശഭക്തി ഗാനം എന്നിവ അരങ്ങേറി.
കൾച്ചറൽ ഫോറം തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ വഹദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ, ആക്റ്റിങ് ജനറൽ സെക്രട്ടറി സലിം എൻ.പി സ്വാഗതവും, വൈസ് പ്രസിഡന്റ് സന നസീം നന്ദിയും പറഞ്ഞു.